പതിവിലും നേരത്തെ എഴുന്നേറ്റപ്പോള്‍ പുറത്ത് നല്ല മഴ,ദുബായിയില്‍ ഒരു ആഴ്ചത്തെ ബിസിനസ്സ് വിസിറ്റിങ് കഴിഞ്ഞ് ഇന്നലെയാണ് ഒമാനില്‍ എത്തിയത് ,ഗള്‍ഫില്‍ മഴ പെയ്യുമ്പോള്‍ മനസ്സില്‍ ആദിയാണ് ,എന്നാലും മഴ എന്നും ഒരു സുഖമാണ്...ജരാനരകള്‍ ബാധിച്ച മനസ്സിന്റെ ബാല്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിനുള്ള അവസരം കൂടിയാണ് മഴ നല്കുന്നത്.
മഴയേകുറിച്ച് കവികള്‍ എഴുത്തുംബോള് അറിയാതെ പ്രണയം കയറിവരും ,മഴയും പ്രണയവും അത്രമേല്‍ ഇഴകിച്ചേര്‍ന്നിരിക്കുന്നു കവിമനസ്സുകളില്‍ ,പക്ഷേ എനിക്ക് മഴ സമ്മാനിക്കുന്നത് എന്‍റെ ആദ്യ സ്കൂള്‍ ദിനങ്ങള്‍ തന്നെയാണ് .പുത്തനുടുപ്പും, പുതിയ കുടയും ,ചെരുപ്പും ഒക്കെ ഇട്ടു സ്കൂളിലേക്ക് പോവാന്‍ വീടിന്റെ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന എന്‍റെ ആ കുഞ്ഞു കണ്ണുകള്‍ പുറത്തു തിമിര്‍ത്ത് പെയ്യുന്ന മഴയെ നോക്കിയിരുന്നിട്ടുണ്ടാവണം.
വെറുതെ ഫേസ് ബുക്കില്‍ കയറി നോക്കിയപ്പോള്‍ മുണ്ടപ്പലത്തെ സ്കൂളിന്‍റെ നവതി ആഘോഷം കൊണ്ടാടുന്ന പോസ്റ്റ് കണ്ടു ,വല്ലാത്ത സന്തോഷം തോന്നി,,ഈ പ്രവാസത്തിനിടയ്ക്ക് ഇങ്ങനെ ഒരു വാര്‍ത്ത എനിക്ക് എത്തിച്ചതിന് ആധുനിക വാര്‍ത്താ മാധ്യമത്തെ ഒന്ന്‍ വണങ്ങി,
മുണ്ടപ്പലം ആലുങ്ങല്‍ എ എം ഏല്‍പി സ്കൂള്‍ ആദ്യമായി "അ "എന്ന അക്ഷരം പഠിപ്പിച്ച എന്‍റെ ആത്മവിദ്യാലയം.ഇന്ന്‍ ഞാന്‍ എഴുത്തുന്ന വാക്കുകള്‍ക്കു മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്‍റെ ഈ വിദ്യാലയത്തോട് തന്നെയാണ് , ഇന്ന്‍ ഞാന്‍ സൌദി അറേബിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ പര്‍ച്ചേസ് മാനേജര്‍ ആയി ജോലി ചെയ്യുന്നു ,കമ്പനിയുടെ ബ്രാഞ്ചുകള്‍ പല രാജ്യങ്ങളിലുണ്ട് ,അവിടെയെല്ലാം ഞാന്‍ പോകേണ്ടതുണ്ട് , ഇഷ്ടം പോലെ രാജ്യങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു ,എവിടെ പോയാലും മുണ്ടപ്പലത്തെ സ്കൂളിന്‍റെ മുന്നിലൂടെ പോവുമ്പോള്‍ ഞാന്‍ അറിയാതെ ആ ചെറിയ കുട്ടിയായി മാറുന്നു.
ഹസ്സന്‍മാഷ് ,അസൈനാര്‍ മാഷ് ,ജയകൃഷ്ണന്‍മാഷ് ,ഗീത ടീച്ചര്‍ ,ഇമ്പിച്ചികോയ മാസ്റ്റര്‍ മുതലായവരെ ഇന്നും ഓര്‍ക്കുന്നു ,
കെട്ടിലും മട്ടിലും മിതത്ത്വം പാലിക്കുന്ന നല്ലവനായ ഒരു ഹെഡ്മാഷ് തന്നെയായിരുന്നു ഹസ്സന്‍ മാഷ് ,ഹസൈനാര്‍ മാഷ് പഠിപ്പിച്ച കണക്ക് ഇന്നും എനിക്ക് മുതല്‍ കൂട്ടാണ് ,
ജയകൃഷ്ണന്‍ മാഷ് ഒരു ഓള്‍ ഇന്‍ ഓള്‍ ആയിരുന്നു ,കായികം ,കല ,മുതലായവ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ നിപുണന്‍ ,എന്നില്‍ പഠനത്തിന് ഒരു മത്സര ബുദ്ധി ജനിപ്പിച്ചത് ജയകൃഷ്ണന്‍ മാഷ് ആയിരുന്നു, അന്ന്‍ ഞാനും ബാഷിംഷായും പിന്നെ പാണ്ടിക്കാട് ഉള്ള സമീറ തുറക്കല് ഉള്ള ഹസീന ഒക്കെയായിരുന്നു ക്ലാസിലെ പഠിപ്പിസ്റ്റുകള്‍ ,
ഇമ്പിച്ചി കോയ മാസ്റ്റര്‍ക്ക് രണ്ട് വീക്കിനസ്സ് ഉണ്ടായിരുന്നു ,ഒന്ന്‍ രണ്ട് സിഗരറ്റ് ഒന്നാക്കി വലിക്കുന്ന ഒരു പരിപാടിയുണ്ട് ,അതുപോലെ ഒരു സംഗീത ഉപകരണം വളരേ തന്‍മയത്തോടെ മൂപ്പര്‍ വായിക്കുന്നത്, വളരേ കൌതുകത്തോടെയാണ് ഞാന്‍ അതൊക്കെ നോക്കികണ്ടിരിരുന്നത് ,
ഗീത ടീച്ചര്‍ ഞാന്‍ നാലാം ക്ലാസില്‍ ആയപ്പോഴാണ് വന്നത് ,എനിക്ക് ഇംഗീഷിന്‍റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു തന്നത് ടീച്ചറാണ് ,
എന്നിലെ എന്നെ പടച്ചുണ്ടാക്കിയ എന്‍റെ വിദ്യാലത്തിനെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല,90വര്‍ഷങ്ങള്‍ മുണ്ടപ്പലത്തിന് അറിവ് സമ്മാനിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് നടക്കാന്‍ പഠിപ്പിച്ച എന്‍റെ വിദ്യാലയത്തിന് സ്നേഹത്തില്‍ പൊതിഞ്ഞ ആയിരം നവതിആശംസകള്‍ . തിരക്കുപിടിച്ച ഇന്നിന്‍റെ ലോകത്തെ യാന്ത്രിക ജീവിതത്തില്‍ പെട്ട് അലഞ്ഞു നടക്കുമ്പോള്‍ സ്വസ്ഥമായ ആ പഴയ സുന്ദര ദിനങ്ങളെ കുറിച്ച് ഫേസ് ബുക്കിലൂടെ ഒരു പോസ്റ്റിട്ട് എന്നെ ഓര്‍മ്മിപ്പിച്ച മുസ്തഫ മുണ്ടപ്പലത്തിനോടുംനന്ദി ,
