"ഹേ മന്‍സ്യാ ഒന്നെണീറ്റേ ഇന്നല്ലെ തിരുവോണം എന്നിട്ടു൦ ക്രിസ്തുമസ്സ് അപ്പൂപ്പൻമാരെയൊന്നും കാണണില്ലlല്ലോ "
പാത്തുമ്മായുടെ ആ വേവലാതി ബഷീറിക്കാക്ക് സഹിച്ചില്ല
"കഴിഞ്ഞ ഓണത്തിന് ക്രിസ്തുമസ്സ് അപ്പൂപ്പന്‍ സ്കൂളില് ദേശീയ പതാക ഉയര്‍ത്തി പുല്ല് പറിച്ച് സേവനവാരമനുഷ്ഠിച്ച് പെരുന്നാളിന്‍റെ കോഴിബിരിയാണി തിന്നാന്‍ കൃഷ്ണേട്ടന്‍റെ വീട്ടിലേക്ക് പോയത്പോലെയെങ്ങാനും ഇക്കൊല്ലവും പോയോ ആവോ "
"ഗ്രേസി അമ്മാമയുടെ വീട്ടില് കഴിഞ്ഞ ചെറിയ പെരുന്നാളിന് ഉമ്മൂമ്മമാർ അതി രാവിലെ കുളിച്ചു കുറീം തൊട്ട് തിരുവാതിര കളിച്ചു പോലും , അതുപോലെ ഈ ഓണത്തിന് ഞമ്മളെ കുടീലും ഒരു ഒപ്പന ബേണം"
"അന്‍റെ ഹലാക്കിലെ ഒപ്പന ,ഇജ്ജ് ആ ഷര്‍ട്ട് ഇങ്ങട്ട് എട്ത്തേ ഇന്ന്‍ ബെള്യാഴ്ചയാ ദിവസം കൊയ്ത്ത് പാട്ടും പാടി മാവേലി മന്നന്‍ വല്ല്യേപള്ളീല് മത പ്രസംഗം നടത്തണ ദിവസം "
"ഇന്‍റെ കര്‍ത്താവേ ഈ കൊല്ല൦ തിരുവോണവും വെള്യാഴച്ചയും ഒരുമിച്ചാണല്ലോ ഇക്കാ ,കൊറച്ച് പായസം കുടിച്ചിട്ട് പോകാം "
"അനക്ക് ഓര്‍മ്മണ്ടോ പാത്തോ, മ്മടെ ചെറുപ്പത്തില് വല്യ പെരുന്നാളിന് എട്ട് തട്ടുള്ള അത്തപ്പൂക്കളവുമൊരുക്കി സാന്താക്ലോസിനെയും പ്രതീക്ഷിച്ചിരിക്കുന്ന ആ ബാല്യ കാലം അതെത്ര സുന്ദരം"
"ഹും ഓര്‍മ്മയുണ്ടോ എന്നോ ,അന്ന്‍ സാന്താക്ലോസ്സ് അപ്പൂപ്പന്‍ ഓലക്കുടയും ചൂടി നിസ്ക്കാര തഴമ്പില്‍ തടവി ആവി പറക്കുന്ന ബിരിയാണി ചെമ്പില്‍ നിന്നും ബിസ്മിയും ചൊല്ലി ഒരു പിടി ഉരുള ഉരുട്ടി തിന്നുംബോള് ഞമ്മള് കുട്ട്യോള്‍ടെ വായില്‍ കപ്പലോടിക്കാന്‍ വെള്ളം. ആ കപ്പലീനെല്ലേ ഇങ്ങള് ഞമ്മളെ പ്രേമിച്ചത് "
"ഇജ്ജ് പറ്യേണതൊക്കെ ശരിയാ പാത്തൂ ,അന്നൊക്കെ ആണ്ടിലൊരിക്കല്‍ മാവേലി മന്നന്‍ കൃസ്തുമസ്സിന് സമ്മാനമായി കൊണ്ടതരുന്ന പെരുന്നാള്‍ ഉടുപ്പുകളെ പുതിയതായി ഉണ്ടാവൂ ,പഞ്ഞകാലം.അന്നത്തെ ഇന്‍റെ ആ വള്ളി ട്രൌസര്‍ കോലം അനക്ക് ഓര്‍മ്മണ്ടോ ?"
"ഉം ഓണക്കോടിയുമുടുത്ത് ജാഢയോടെ വിഷുവിന് പെരുന്നാള് നിസ്കരിക്കാൻ പോണ ഇങ്ങളുടെ മുഖത്തെ അതിരുകളില്ലാത്ത അന്നത്തെ ആ സന്തോഷം , ഹോ അത് പറഞ്ഞറിയികാന്‍ വയ്യ ഇന്‍റിക്കാ "
"ബല്ല്യ പെരുന്നാളിന്‍റെ അന്ന്‍ ആരും കാണാത്ത മുറിയുടെ മൂലയില്‍ ഒളിച്ച് കളിച്ച് ഞമ്മള്‍ കാട്ടി കൂട്ടിയ കാര്യങ്ങള് , അക്കരക്കാവിലെ ഉത്സവത്തിന് മൊയ്തീന്‍മൊല്ലാക്ക ഉറഞ്ഞു തുള്ളിയപ്പോ മൂപ്പര്‍ടെ മുന്നില്‍ കുബസാരിച്ചതും,മീന്‍ വാങ്ങാന്‍ തന്ന പൈസേന്ന് ഇസ്കിയ രണ്ടുറ്പ്യ മൂപ്പര്‍ടെ കയ്യില് ദക്ഷിണയായി കൊടുത്തതും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു ,."
"ഇന്നത്തെ പെരുന്നാളൊക്കെ എന്ത്, അന്നൊക്കെ കണിക്കൊന്ന പൂക്കുമ്പോള്‍ പെരുന്നാളിന്‍റെ വരവറിയിച്ച് പാണന്‍മാര്‍ നാടോട്ടാകെ കരോള്‍ ഗാനം പാടി നടക്കും ,പാണന്‍മാരുടെ ഡ്രംസിന്‍റെ താളം കേട്ട് മുത്തശ്ശിമാര്‍ മൈലാഞ്ചി അരക്കുന്ന പണി തുടങ്ങും , ഞങ്ങള് കുട്ടികളുടെ മൂക്കിലേക്ക് അപ്പോഴേക്കും പോത്തിറച്ചി വരട്ടിയ മണം അടിച്ചു കയറിയിട്ടുണ്ടാവും. അതൊക്കെ ഓര്‍ക്കുമ്പോ ഇന്‍റിക്കാ ആ ചെറുപ്പ കാലത്തേക്ക് തിരിച്ചു നടക്കാന്‍ തോന്നുന്നു ,"
"ഇജ്ജ് ഇബടെ ആലോജിച്ച് ഇരുന്നോ ഞമ്മള് പള്ളീപോയി വരാം "
"ബരുമ്പോ ഇനിക്ക് ഒരു പരിപ്പ് വട കൊണ്ടത്തരുമോ ഇതാ പൈസ"
"ങേ !! ഹനക്ക് എബിടുന്നാടീ ഇത്രേം പൈസ "
"അത് പിന്നെ കഴിഞ്ഞ ശിവരാത്രീടന്ന് ഉപ്പൂപ്പ തന്ന വിഷുക്കൈനീട്ടമാ "
ഹോ !!! ഒരു ദീര്‍ഘ നിശ്വാസത്തോടെ ബഷീര്‍ക്ക പള്ളീയിലേക്ക് നടന്നു പാത്തുമ്മ അടുക്കളയിലേക്കും
No comments:
Post a Comment