Friday, 22 August 2014

മലബാറിന്‍റെ സ്വന്തം ഇറച്ചി വരട്ടിയത്


ഞങ്ങൾ മലബാറുകാരുടെ പ്രത്യേകിച്ച് മലപ്പുറത്തുകാരുടെ ദേശീയ ഭക്ഷണമാണ് ഇറച്ചി വരട്ടിയത്, പോത്ത് ഞങ്ങളുടെ ദേശീയ മൃഗവും,കോഴി ദേശീയ പക്ഷിയും ..സുലൈമാനി ഞങ്ങളുടെ ദേശീയ പാനീയവും,മത്തി ഞങ്ങളുടെ ദേശീയ മത്സ്യവുമാണ്.
വെള്ളിയാഴ്ച മദ്രസ ഇല്ലെങ്കിലും കുറച്ചു നേരം കൂടി ഉറങ്ങാൻ സമ്മദിക്കൂലാ വീട്ടുകാര്, ഇറച്ചി വാങ്ങാൻ പോവണം, ഇറച്ചിയില്ലാത്ത വെള്ളിഴായ്ച്ചകൾ ഞങ്ങൾക്ക് ഓർക്കാനും കൂടി പറ്റൂല.
ഒരു പതിനൊന്നു മണിയാകുമ്പോഴേക്കും തന്നെ ഇറച്ചി തിളയ്ക്കുന്ന മണം നാട്ടിലെങ്ങും പരന്നു തുടങ്ങും, പള്ളിക്ക് പോണോലെ അത്തറിന്റെ മണോം അടുക്കളകളിലെ ഇറച്ചി വരട്ടണേന്റെ മണോം കൂടി അലുവേം മത്തി കറീം പോലെ വേറിട്ട്‌ തന്നെ നിക്കും..
ജുമാ ഖുതുബ നടക്കുമ്പോൾ പള്ളിയുടെ അടുത്തുള്ള ഏതെങ്കിലും വീട്ടീന്ന് ഇറച്ചി തിളയ്ക്കുന്ന മണം വന്നാൽ പിന്നെ പറയേം വേണ്ട. പള്ളി കഴിഞ്ഞാൽ ഖബർസ്ഥാനിൽ കയറി മരണപെട്ടവർക്ക് വേണ്ടി പെട്ടെന്ന് പ്രാർഥിച്ചു വീട്ടിലേക്കു വലിഞ്ഞു നടക്കും,പാവങ്ങള് അവിടെ കിടന്നു ഞങ്ങളെ അസൂയയോടെ നോക്കുന്നുണ്ടാകും..
പള്ളി കഴിഞ്ഞിട്ടും അങ്ങാടീൽ ആരേലും ചുറ്റി പറ്റി നിക്കുന്നുണ്ടെങ്കിൽ നമ്മളു മനസിലാക്കേണ്ടത് ഓന്റെ പൊരേല് അന്ന് ഇറച്ചി വാങ്ങിയിട്ടില്ലാന്നാണ് .നല്ല കുരുമുളകും മല്ലിയുമൊക്കെ ഇട്ടു വരട്ടിയ ഇറച്ചി കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്ന് പല്ലിൽ കുത്തിയാലെ സമാധാനമാകൂ..
കാലത്ത് എട്ടു മണിക്ക് ഏതു ഹോട്ടലിൽ കയറിയാലും ഇറച്ചി കറിയും പൊറാട്ടയും കിട്ടും ഞങ്ങളെ നാട്ടിൽ. ബീഫ് ഫ്രൈ ,ബീഫ് കറി,ബീഫ് കുറുമ.. എത്ര ഐറ്റെംസാന്നറിയൊ.കൊണ്ടോട്ടീല് തന്നെ മേലങ്ങാടി ഭാഗത്താണ് ഏറ്റവും നല്ല ഇറച്ചി കിട്ടുക. സൌദീക്ക്‌ ഈത്തപ്പഴം കൊണ്ടോവര്ത്ന്നു പറയണ പോലെ കൊണ്ടോട്ടീൽ ഒരു ചൊല്ലുണ്ട് ..കൊണ്ടോട്ടീക്ക് ഇറച്ചി കൊണ്ടോവര്ത്ന്ന് ..
ഒരുപാട് പ്രവാസികളുണ്ടല്ലോ മലപ്പുറത്ത്‌ ,അവര് നാട്ടീക്കു വരുമ്പോൾ പിസ്തയും,ബദാമും,അണ്ടി പരിപ്പും,ചോക്ലെട്ടുമൊക്കെ കൊണ്ട് വരും. പകരം ഓല് പോകുമ്പോൾ ഞങ്ങൾ കൊടുത്തയക്കുന്നത് എറച്ചി പൊരിച്ചതും പത്തിരീം പിന്നെ വായക്ക ചിപ്സുമാണ്. നാട്ടീന്നു വരുന്ന ആളുടെ വിശേഷങ്ങൾ അറിയാനല്ല അന്ന് ആൾക്കാര് ഓന്റെ റൂമിൽ വരണത്,
നാട്ടീന്നു കൊണ്ട് വന്ന ബീഫിന്റെ ഓരോ കഷ്ണം തിന്നാനാ..
അതങ്ങിനെ ഓരോ കഷ്ണം നുള്ളിയെടുത്ത് വായിലിട്ടിട്ടു അവര് കണ്ണടച്ചു നിക്കും.. അപ്പൻറെ ടീച്ചറെ ഓലെ മനസ്സ് കൂടെ നമ്മളെ നാടും, മുഹമ്മദ്ക്കാന്‍റെ ഇറച്ചി പീട്യേം,അവിടെ തൂങ്ങി ആട്ണ പോത്തിന്റെ കൊറകും ,അതിൽ നിന്നും നല്ല ഭാഗം നോക്കി വാങ്ങണ ഉപ്പയും , കടലാസിൽ കൈ തൊടച്ച് അയിന്റെ പൈസ വാങ്ങി പെട്ടീലിടണ മുഹമ്മദ്ക്കേം , വീട്ടിലെത്തിയ ഉപ്പാന്റെ കയ്യീന്നു ഇറച്ചി പൊതി വാങ്ങി മരുമോളെ ഏൽപ്പിക്കണ ഉമ്മേം , കണ്ണീരോടെ ഏറ്റവും നല്ല സ്വാദിൽ പ്രിയതമനുവേണ്ടി അതിൽ മസാല ചേർക്കുന്ന ബീബീം ഒക്കെ ഓടി വരും..
ഒരു പോത്തിന്റെ ചിത്രം പോലും ഞമ്മള് മലപ്പുറത്ത്ക്കാര്‍ക്ക് നൊസ്റ്റാൾജിയ ആണ്.
ഞങ്ങളൊക്കെ പുവർ നോണ്‍ വെജ് ആണ്. .ജീവനുള്ള പോത്തിനെ അറക്കുമ്പോ അതിന്ന്‍ വേദനിക്കില്ലേ എന്ന്‍ പറയുന്നവരോട് ഞങ്ങള്‍ മലപ്പുറത്ത്ക്കാര്‍ക്ക് പറയാനുള്ളത് .പോത്തിന് മാത്രല്ല വെണ്ടക്കും, പയറിനും, മുരിങ്ങാകൊലിനുമൊക്കെ ജീവനുണ്ടല്ലോ. അതുപോലെ തന്നെ ഇറച്ചി കഴിക്കൂലാ എന്നാ മീനും ,മുട്ടയുമൊക്കെ കഴിക്കും .അവരോടും അതന്നെ പറയാനുള്ളത്..
റെസിപ്പി :-
ആദ്യ ചേരുവ
*********************
ഇറച്ചി - 1 കിലോ
വെളുത്തുള്ളി (ചതച്ചത് ) - 1/2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി (ചതച്ചത് ) - 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞപ്പൊടി - 1/4 ടീ സ്പൂണ്‍
മുളകുപൊടി - 3/4 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടീ സ്പൂണ്‍
ഗരം മസാല - 1/2 ടീ സ്പൂണ്‍
ജീരകം (പൊടിച്ചത്) - 3/4 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
രണ്ടാമത്തെ ചേരുവ
*************************
മുളകുപൊടി - 3/4 ടേബിള്‍ സ്പൂണ്‍
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് - 1 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 3/4 ടീ സ്പൂണ്‍
ഗരം മസാല - 1/2 ടീ സ്പൂണ്‍
കറി വേപ്പില - 2 തണ്ട്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
പാചകം ചെയ്യുന്ന വിധം
*****************************
ആദ്യ ചേരുവയിലെ ഐറ്റംസ് എല്ലാം നന്നായി മിക്സ് ചെയ്ത് ഒരു 15 മിനിറ്റ് നേരം വെക്കുക. അതിനു ശേഷം കുക്കറില്‍ വെച്ചോ അല്ലാതെയോ വേവിക്കുക. ഇറച്ചിയില്‍ നിന്ന് ആവശ്യത്തിന് വെള്ളം ഊറി വരുമെന്നതിനാല്‍ വേവിക്കാന്‍ വെള്ളം ഉപയോഗിക്കേണ്ടതില്ല. മുഴുവനായി വേകുന്നതിന് മുന്നേ ഇറക്കി വെക്കുക. (കുക്കറില്‍ ആണ് വെക്കുന്നതെങ്കില്‍ 2-3 വിസില്‍ കേട്ടാല്‍ ഇറക്കി വെക്കാവുന്നതാണ്. പിന്നീട് ഇറച്ചി വെന്ത വെള്ളം മറ്റൊരു കപ്പിലേക്ക് മാറ്റുക.
ഇനി അടുപ്പില്‍ മറ്റൊരു പാത്രം വെച്ച് ചൂടാവുമ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ഇറച്ചി വെന്ത വെള്ളത്തില്‍ നിന്നും 3/4 കപ്പ് വെള്ളം ഒഴിക്കുക. രണ്ടാമത്തെ ചേരുവയിലെ ആദ്യ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത ശേഷം നന്നായി ഇളക്കി തിളപ്പിക്കുക. തിളക്കുമ്പോള്‍ വേവിച്ച ഇറച്ചി ഇട്ടു നന്നായി മിക്സ് ചെയ്യുക. വേവാന്‍ ആവശ്യമെങ്കില്‍ മാത്രം ഇറച്ചി വെന്ത വെള്ളം കുറച്ചു കൂടി ചേര്‍ക്കാം. അധികമാകരുത്‌. ഉപ്പ് കുറവാണെങ്കില്‍ ഇപ്പോള്‍ ചേര്‍ക്കാം. നന്നായി വരണ്ടു വരുമ്പോള്‍ ഗരം മസാല ചേര്‍ത്തിളക്കി ഒരു 1-2 മിനുട്ട് കൂടി അടുപ്പില്‍ വെക്കുക.
ഇനി ഫ്രൈയിംഗ് പാന്‍ അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിക്കുക. വരട്ടി വെച്ച ഇറച്ചി ഇതില്‍ വറുത്ത് കോരുക. പിന്നീട് ഇതേ എണ്ണയില്‍ തന്നെ വേപ്പില വറുത്തെടുത്ത് ഗാര്‍ണിഷ് ചെയ്യുക. നാടന്‍ ഇറച്ചി ഫ്രൈ റെഡി.

No comments:

Post a Comment