Monday, 14 January 2013
ആദ്യത്തെ പെണ്ണുകാണല്‍ ,
മൂത്തുമ്മയുടെ വീട്ടിലെ സല്‍കാരത്തിന്റെ അന്നാണ് അത് സംഭവിച്ചത്,ടൌണില്‍ ഒരു ചെറിയ ബിസിനസ്സ് നടത്തി പോരുന്ന കാലം.സല്‍കാരത്തിന് വളരെ വൈകിയാണ് എത്തിയത്.കടയില്‍ നിന്നും ബൈക്കില്‍ വെയിലും കൊണ്ട് വരുന്ന ഞാന്‍ അപ്പോ ഒരു പെണ്ണുകാണാനുള്ള മൂഡിലായിരുന്നില്ല, എന്‍റെ വരവും കാത്തിരിക്കുന്ന മൂത്തുമ്മ കണ്ട ഉടനെ അകത്തേക്ക് വരാന്‍ പറഞ്ഞു ,സല്‍ക്കാര പന്തലില്‍ ബിരിയാണി വിളംബുന്ന സ്ഥലത്തേക്ക് പോവാന്‍ തുനിഞ്ഞ ഞാന്‍ വീട്ടിന്നകത്തേക്ക് ,അവിടെ അറിയുന്നവരും അറിയാത്തവരുമായി ഇഷ്ടംപോലെ പെണ്ണുങ്ങള്‍ ,എനിക്കോഴികെ ഏല്ലാവര്‍ക്കും അറിയാം ഞാന്‍ പെണ്ണൂക്കാണാന്‍ വന്നതാണ് എന്ന്‍ ,
ഒരു മുറിയുടെ വാതില്‍ക്കല്‍ നിര്‍ത്തിയിട്ട് മൂത്തുമ്മ പറഞ്ഞു "ഈ കുട്ടീനെ അനക്ക് പറ്റ്യോ എന്ന്‍ നോക്കിക്കേ "പിന്നെ വാതില്‍ തുറന്നതും ഉള്ളിലേക്ക് തള്ളി വിടലും വാതില്‍ അടക്കലും എല്ലാം കഴിഞ്ഞു ,
വെളിച്ചത്ത് നിന്ന്‍ വന്നിട്ടാണോ എന്നറിയില്ല ചുറ്റും പുക പോലെ ,കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കാഴ്ച തെളിഞ്ഞു വന്നു ,ഒരു കൊച്ചു സുന്ദരീ മുന്നില്‍ , ആദ്യം ശ്രദ്ധിച്ചത് അവളുടെ ചുവന്ന്‍ തുടുത്ത ചുണ്ടുകള്‍ ,കളര്‍ ലേശം കൂടുതലല്ലേ അതേ അവള്‍ ലിപ്സ്റ്റിക്ക് ഉപയോഗിച്ച് കൂട്ടിയതാണ് ,പിന്നെ മറ്റുള്ള ശരീര ഭാഗങ്ങള്‍ ഓരോന്നിലും ഓരോ തരത്തിലുള്ള പൊലിപ്പിക്കല്‍ ,ഡ്രസ്സ് കണ്ടാലറിയാം കുറഞ്ഞത് 5000/-രൂപയെങ്കിലും വരും,ആ നിന്ന നില്‍പ്പില്‍ മനസ്സില്‍ അവളുടെ മൊത്തത്തിലുള്ള ഒരു കണക്കെടുപ്പ് നടത്തി ,വെരി കോസ്റ്റ്ലി ,ഞമ്മക്ക് നടക്കൂല്ല ,
"എന്താ പേര് " ചിന്തയില്‍ നിന്നും ഉണര്‍ന്നു ,സാധാരണ ആണുങ്ങളല്ലേ ആദ്യം ചോദിക്കേണ്ടത് ഇവളിതെന്ത് പെണ്ണ്‍ .എന്നാലും ചമ്മല്‍ മാറ്റാതെ പറഞ്ഞു
"സകീര്‍ , മുഴുവന്‍ പേര് സകീര്‍ ഹുസൈന്‍ "
"എന്‍റെ പേര് റോഷ്നി,ഞങ്ങള് ഫാമിലി മൊത്തം ദുബായിയില്‍ ആയിരുന്നു ,ഞാന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം...... "
പെണ്ണ്‍ വാചാലയാവുന്നു ഇന്‍റെ റബ്ബേ എന്നോട് എന്തിനീ കടുംകൈ എനിക്കിത് ശരിയാവില്ല
"ഇങ്ങളെ രണ്ടു മൂന്ന് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട് "
"ങേ !!! എവിടെ വെച്ച് "
"ഇങ്ങടെ ഷോപ്പിന്‍റെ മുന്നിലൂടെ കാറില്‍ പോകുമ്പോള്‍ ഒരിക്കല്‍ ഉപ്പ കാണിച്ചു തന്നതാ പിന്നെ അതിലൂടെ പോകുമ്പോളൊക്കെ നോക്കാറുണ്ട്"
"ഏ.......എന്നിട്ട് കാണാറുണ്ടോ "
"ങാ....ഇന്നും കണ്ടിരുന്നു "
ഹോഹോ അപ്പോ ഇവര് കൊറേ കാലമായിട്ട് എന്നെ ചുറ്റി പറ്റി തന്നെയുണ്ട് അല്ലേ പടച്ചോനേ
"നിന്‍റെ ഉപ്പേടെ പേരെന്താ ?"
"അപ്പോ ഇന്നേ അറിയില്ലേ ഞാന്‍ മൊയ്തു ഹാജിയുടെ മോളാ "
"ഏത് ആ പള്ളീന്‍റെ അടുത്തുള്ള വലിയ വീട്ടിലെ മൊയ്തു ഹാജിയോ ?"
"അതേ "
അപ്പോ ഈ കൊച്ചിന് എന്തോ കൊഴപ്പമുണ്ട്,അല്ലാണ്ട് എനിക്ക് എന്തര്‍ഹത ,എന്തായാലും എനിക്ക് വേണ്ട ഇന്‍റെ കൊക്കിലൊതുങ്ങില്ല . ഭയങ്കര വായാടിയാ ,ഞാന്‍ കെട്ടിയാ പിന്നെ ഓള്‍ടെ മോന്തമ്മേന്ന് കയ്യെടുക്കാന്‍ നേരമുണ്ടാവില്ല ,പോരാത്തതിന് എന്‍റെ ശംബളം ഓള്‍ക്ക് കോസ്മറ്റിക്ക് വാങ്ങാന്‍ തെകയൂല്ല.
"ആരാ ആ ജനലിലൂടെ നോക്കുന്നത് നീ ആ ജനാല ഒന്നടച്ചേ "
ജനലില്‍ ആരുമില്ല അടക്കാന്‍ പോകുമ്പോള്‍ കാലിന് വല്ല ഞൊണ്ടലും ഉണ്ടോ എന്ന പരീക്ഷണം ,അതും പെര്‍ഫെക്റ്റ് പിന്നെപ്പോ എന്താ ,അവളുടെ മൈനസ് എന്താണ് എന്നാറിയാനുള്ള ആകുലത ,
"എനിക്ക് ഇങ്ങളെ ഇഷ്ടാണ് ഇങ്ങക്കോ ? "
"ങേ!!!!! ഞാന്‍ വീണ്ടും ഞെട്ടി ,ഇതും ആണിന്‍റെ അവകാശമാണ്,എന്‍റെ ഡയലോഗ് ഇവള്‍ പറഞ്ഞാല്‍ ഇവളുടെ ഡയലോഗ് ഞാന്‍ പറയേണ്ടി വരും ,ആ ചോദ്യത്തില്‍ ഞാന്‍ നാണിച്ചു ,പടച്ചോനേ ഞാന്‍ പെങ്കൊന്തനാവുകയാണോ?.അപ്പോഴേക്കും വാതിലില്‍ മുട്ടിവിളി,മൂത്തുമ്മയാണ്
"മതി മതി ഇനി കല്യാണം കഴിഞ്ഞിട്ട് മതി "
ഹാവൂ രക്ഷപെട്ടു ,പുറത്തേക്ക് വന്നപ്പോള്‍ എല്ലാ പെണ്ണുങ്ങളുടെയും നോട്ടം എന്‍റെ മുഖത്ത്,എല്ലാ മുഖത്തും സന്തോഷം ,എല്ലാര്‍ക്കും അറിയാം തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടുള്ള വരവാണ് എന്ന്‍ ,പിന്നെ മൂത്തുമ്മായുടെ മക്കള്‍ എന്നെ വിളിച്ച് ടെറസ്സിന്‍റെ മുകളിലേക്കു കൊണ്ടുപോയി ,
"അനക്ക് കോളടിച്ചല്ലോ,മൊയ്തു ഹാജിയുടെ ഒരേ ഒരു മകള്‍ ഇട്ടു മൂടാന്‍ പണം ,ഓല്‍ക്ക് അന്നേ ഇഷ്ടപ്പെട്ട് ഇങ്ങോട്ട് വന്ന ആലോചനയാ,കുട്ടിക്കും അന്നേ നന്നായി ഇഷ്ടപ്പെട്ടെക്ക്ണ് ,അന്‍റെ ഭാഗ്യം "
"ന്നാ എനിക്ക് ഇഷ്ടപ്പെട്ടില്ല ഈ കല്യാണം നടക്കില്ല " എടുത്തടിച്ചപ്പോലുള്ള ഈ ഡയലോഗ് അവരാരും പ്രതീക്ഷിച്ചതല്ല.മൂത്തമ്മയുടെ ഒരു മകള്‍ അപ്പോഴേക്കും താഴെ പോയി വിവരം പാട്ടാക്കി ,
"ഓന്ന് ഓളേ പറ്റീട്ടില്ലേലോ"
അവളോട് ഭാവി കാര്യങ്ങള്‍ സംസാരിച്ചിരുന്ന ഉമ്മയും പെങ്ങന്‍മാരും മുകളിലേക്കു കയറി വന്നു ,
"അനക്ക് ഇത് എന്തിന്‍റെ കേടാ,നല്ലൊരു ബന്ദം ഒത്തു വന്നപ്പോ......"
"എനിക്ക് വേണ്ടാന്ന് പറഞ്ഞാ വേണ്ട,എന്‍റെ സങ്കല്‍പ്പത്തിലെ ഭാര്യയാവാന്‍ ഓള്‍ക്ക് കയ്യൂല്ല "
"ഒലക്ക ഓന്‍റെ ഒടുക്കത്തെ സങ്കല്‍പ്പം,"അത് മൂത്താപ്പയുടെ വകയായിരുന്നു ,പിന്നെ കുടുംബ ചരിത്രങ്ങളുടെ കെട്ട് എന്‍റെ മുന്നില്‍ അഴിഞ്ഞു വീണു ,ഞാന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു ,
"ഇജ്ജ് കാത്തിരുന്നോ അനക്ക് ഇനി ഐശ്വര്യാ റായി വരും " മൂത്താപ്പ ക്ഷമകെട്ട് പടി ഇറങ്ങി ,കൂടെ ഞാനും
കോണി പടികള്‍ ഇറങ്ങുംബോള് നേരത്തെ സന്തോഷം കൊണ്ട് നോക്കിയ കണ്ണുകളില്‍ മുഴുവനും ദഹിപ്പിക്കാന്‍ പോന്ന തീ ,,,,,,
പന്തലിലില്‍ ആവി പറക്കുന്ന കോഴി ബിരിയാണി ആവേശത്തോടെ തിന്നുംബോള് രണ്ട് കണ്ണുകള്‍ ജനലിലൂടെ ദയനീയമായി നോക്കുന്നത് കണ്ടു ,ആ മിഴികള്‍ നിറഞ്ഞിരുന്നു ,,,,,,,,,
ന്നാലും എനിക്ക് വേണ്ടാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Subscribe to:
Post Comments (Atom)

No comments:
Post a Comment