Tuesday, 8 January 2013

കുഞ്ഞാപ്പുവിന്‍റെ ജീപ്പ്

എന്നത്തേയും പോലെ അയല്‍വാസി കുഞ്ഞാപ്പുക്കയുടെ സെല്‍ഫ്എടുക്കാത്ത ജീപ്പിന്‍റെ ചിരിക്കുന്ന ശബ്ദം കേട്ടാണ്ഉണര്‍ന്നത് ,മൂപ്പര്‍ മണിക്കൂറുകളോളം പരിശ്രമിച്ചു തോറ്റാല്‍ മൂപ്പര്‍ടെ മോന്‍ കുഞ്ഞുമോനെ എന്‍റെ വീട്ടിലേക്ക് വീടും അതും ആലോചിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടിയപ്പോ വെളിയില്‍ ആ പൊന്നുമോന്‍റെ ശബ്ദം ,

"ആ ജീപ്പൊന്ന് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ഉപ്പ ഇങ്ങളെ വിളിക്കുന്നുണ്ട് "

രാവിലത്തെ സുഖ നിദ്ര നശിപ്പിക്കുന്ന കുഞ്ഞാപ്പുവിന്‍റെ ജീപ്പിനെ പ്രാകി എണീറ്റ് പല്ലും മുഖവും കഴുകി ജീപ്പ് തള്ളികൊടുക്കാന്‍ പോയി ,

"കുഞ്ഞാപ്പുക്കാ ഇങ്ങക്ക് ഇത് വിറ്റ് പുതിയതോരെണ്ണം വാങ്ങിക്കൂടേ"
എന്ന എന്‍റെ ചോദ്യത്തിന് മൂപ്പര്‍ടെ മറുപടി ഇങ്ങനെ

"കുട്ട്യേ ഇത് സ്റ്റാര്ട്ടാകാന്‍ മാത്രേ പ്രയാസോള്ളൂ അത് കയിഞ്ഞാ ഇവന്‍ പുലിയാ " 

"ഹും പുലി ,എലിപോലും മാനനഷ്ടത്തിന് കേസുകൊടുക്കും അതിന്‍റെ പേര് ഇതിനോട് ഉപമിച്ചാല്‍ " എന്ന്‍ മനസ്സില്‍ കരുതി കുഞ്ഞാപ്പു പറഞ്ഞത് ശരിയെന്ന ഭാവേനെ തലയാട്ടി വീണ്ടും വണ്ടി തള്ളി .മൂപ്പര് വണ്ടിയില്‍ കയറി സുഖിച്ച് ആഞ്ഞു തളളാന്‍ കല്‍പ്പിക്കുമ്പോള്‍ കലിപ്പ് വരും ,അങ്ങനെ ഒരുവിധേന സ്റ്റാര്‍ട്ടായി ,മൂപ്പര് ഒരു നന്ദി പോലും പറയാതെ ചീറിപ്പാഞ്ഞു ,

രാവിലെ തന്നെ ക്ഷീണിച്ചു ഒരു പരുവമായി വീട്ടിലേക്ക് നടന്നു ,അപ്പോഴുണ്ട് ദാ വേറെ ഒരു കുരിശ് ,അപ്പുറത്തെ വീട്ടെലെ സാബുമോന്‍ . ഇനി എന്നും രാവിലെ ഒരുമിച്ച് ജോഗിങ് ചെയ്യണം എന്ന്‍ കച്ചകെട്ടിയാണ് ഇന്നലെ രാത്രി പിരിഞ്ഞത്,

"ഇന്ന്‍ ഞാനില്ല ഈ ജീപ്പ് തള്ളി ഞാനൊരു പരുവമായി നമുക്ക് നാളെ നോക്കാം "എന്നും പറഞ്ഞ് അവനെ പറഞ്ഞു വിട്ടു . 

പതിവ് പോലെ രാത്രി അങ്ങാടിയില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ കുറച്ചകലെ ഇരുട്ടില്‍ ഒരു ജീപ്പ് സെല്ഫെടുക്കാതെ നിന്ന്‍ ചിരിക്കുന്നു ,

"ഒന്ന്‍ തള്ളി തരോ " എന്ന്‍ ഇരുട്ടില്‍ നിന്നും ആരോ വിളിച്ചു ചോദിച്ചു ,എല്ലാരും കൂടി തള്ളി സ്റ്റര്‍ട്ടാക്കികൊടുത്തു ,പോകുന്നതിന്ന് മുന്‍പ് ഡ്രൈവര്‍ താങ്ക്സ് പറഞ്ഞു ,പിന്നെ നിശബ്ദത ,

പിറ്റേ ദിവസം രാവിലെ കുഞ്ഞാപ്പുവിന്‍റെ വീട്ടില്‍ നിന്നും ജീപ്പിന്‍റെ ചിരിക്ക് പകരം കുഞ്ഞാപ്പുവിന്‍റെ നിലവിളി ,

"ഇന്‍റേ ജീപ്പ് കള്ളന്മാര് കൊണ്ടോയേ "......................................

No comments:

Post a Comment