Saturday, 16 March 2013

എന്ന്‍ സ്വന്തം "ക്ലാര "

അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി എയര്‍പോര്ട്ടിലേക്ക് പോവുമ്പോള്‍ ഉള്ളില്‍ അടങ്ങാത്ത സന്തോഷമായിരുന്നു ,"ക്ലാര"വര്‍ഷങ്ങളുടെ ഫേസ്ബുക്ക്‌ പ്രണയത്തിനോടുവില്‍ ഇന്ന്‍ അവളെ നേരിട്ട് കാണുകയാണ് , ഫേസ്ബുക്കിലെ ചുവരുകളില്‍ കണ്ട അവളുടെ സുന്ദരമായ രൂപങ്ങള്‍ മാത്രം മനസ്സില്‍ ,
"ക്ലാര" ഇന്നൊരു വീട്ടമ്മയാണ് ,രണ്ട് കുട്ടികളുടെ അമ്മ .ഒരു പാവം പിടിച്ച അമേരിക്കന്‍ മലയാളിയുടെ ഭാര്യ.പക്ഷെ ഞങ്ങളുടെ പ്രണയത്തിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല .രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും ഉറങ്ങുന്ന സമയത്ത് അവള്‍ വിലപിടിച്ച സമ്മാനങ്ങളുമായി ചാറ്റ് റൂമില്‍ പ്രത്യക്ഷപെടാറുണ്ടായിരുന്നു, 

എയര്‍പോര്ട്ടില്‍നിന്നും പുറത്തേക്ക് കയ്യും വീശി ഓറഞ്ച് നിറമുള്ള സാരിയുമെടുത്ത് കുണുങ്ങി കുണുങ്ങി വരുന്ന അവളെ കണ്ടപ്പോള്‍ നെഞ്ചിടിപ്പ് കൂടി .ഓടി ചെന്ന്‍ കെട്ടി പിടിക്കാനാണ് തോന്നിയത്. അപ്പോഴേക്കും കാഴ്ചയില്‍ അഭിഭാഷകനെന്ന്‍ തോന്നിക്കുന്ന ഒരാള്‍ കൈ കൊടുത്ത് ബാഗ് കയ്യിലെടുത്ത് അവളെയും കൊണ്ട് നടന്നു ,കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് അവള് എന്നേ കണ്ടത് .അപ്പോഴേക്കും അവളെ വശീകരിക്കാന്‍ വേണ്ടി എന്‍റെ മുഖത്തിട്ട മേക്കപ്പുകള്‍ വിയര്‍പ്പില്‍ കുത്തിയൊലിക്കുന്നുണ്ടായിരുന്നു.

"ഹായ് സുമേഷ് ,എന്തൊക്കെയുണ്ട് വിശേഷം ,"

"ഹായ് "സുഖമില്ലാത്ത ഒരു ഹായ് പറഞ്ഞു എന്നിട്ട് കൂടെയുള്ള വക്കീലിനെ നോക്കി.

"നിനക്കറിയില്ലേ ഇവിടെ ഈ തിരുവനന്തപുരത്തെ പ്രശസ്തനായ വക്കീലാ ഇദ്ദേഹം ADV .ശശിധരന്‍ ,ഞങ്ങളും ഫേസ്ബുക്ക്‌ ഫ്രണ്ട്സാ,"

കാഴ്ചയില്‍ എന്നെക്കാളും സുമുഖന്‍ ഉയരവും കൊള്ളാം മനസ്സില്‍ ഉണ്ടാക്കിയ കൊട്ടാരങ്ങളില്‍ ജോക്കറിന്റെ ഒരു ചീട്ട് തെളിഞ്ഞു കാണുന്നു.

"എന്നാ പിന്നെ കാണാം ഞങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ സംസാരിക്കാനുണ്ട് ,രണ്ട് ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടാവും സുമേഷിനെ ഞാന്‍ വിളിക്കാം,ഫോണ്‍ നമ്പര്‍ പഴയത് തന്നെയല്ലേ "

"അതേ" ഞാന്‍ തലയാട്ടി.പിന്നെ അവര്‍ ഒരുമിച്ച് കാറില്‍ കയറി പോയ്‌ മറഞ്ഞു.നിരാശനായി റൂമിലേക്ക് തിരിച്ചു നടന്നു.ഫ്രിഡ്ജില്‍ കരുതിയിരുന്ന വിലകൂടിയ മദ്യകുപ്പികളിലോരണ്ണം പൊട്ടിച്ചു ബോധം കെടുവോളം മോന്തികുടിച്ചു.

രണ്ടു ദിവസത്തിനു ശേഷം അവളുടെ ഫോണ്‍ കോള്‍.,
"സുമേഷ് എത്രയും പെട്ടന്ന് "മസ്കറ്റ്ഹോട്ടലില്‍"' റൂം നമ്പര്‍ 176ല്‍ വരണം "

അടങ്ങാത്ത ദേഷ്യമുണ്ടെങ്കിലും പോയി ,റൂമിന്‍റെ  കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോ അപ്സരസ്സ് പോലെ നേരിയ നൈറ്റിയും ധരിച്ച് അവളെന്‍റെ മുന്നില്‍,ഒരുക്കി വെച്ച ബെഡ്റൂമിലെ ടാബിളിന്റെ മേല്‍ രണ്ട് ഗ്ലാസുംപകുതിയിലധികം കുടിച്ചു തീര്‍ത്ത  മദ്യകുപ്പിയും.

"രണ്ട് ദിവസം ശശിയേട്ടന്റെ കമ്പനി കിട്ടി,ഇഷ്ടന്‍മദ്യം കൈ കൊണ്ട് തൊടില്ല,ഇത് ഞാന്‍ കുടിച്ചു തിര്‍ത്തതാണ് " നാക്ക് കുഴഞ്ഞ് അവള്‍ പറയുമ്പോള്‍ ഉള്ളില്‍ സഹതാപം.എന്തിന് ഇവള്‍ സ്വയം നശിക്കുന്നു ,

"എനിക്ക് ഒരാളുടെ മാത്രം തടവറയില്‍ നില്‍ക്കാന്‍ കഴിയില്ല ഇങ്ങനെ പറന്നു പറന്നു നടക്കണം "

"അപ്പൊ ക്ലാരെ നിന്‍റെ വിജയേട്ടനും കുട്ടികളും "

"ഞാന്‍ അവരെയൊക്കെ കുറച്ചു ദിവസത്തേക്ക് ഉപേക്ഷിച്ചു വന്നിരിക്കുകയാ നിന്നേ കാണാന്‍ " 

"എന്നിട്ട് എന്നെയല്ലല്ലോ ആ വക്കിലിനെയല്ലേ ആദ്യം കണ്ടത് "

"അല്ലേലും ഈ ആണുങ്ങള്‍ എല്ലാം സ്വാര്‍ത്ഥന്‍മാരാ ,എനിക്ക് നിന്റെത് മാത്രമാവാനും കഴിയില്ല,എല്ലാവരേയും സന്തോഷിപ്പിക്കണം,അയാള്‍ക്ക് തിരക്കായിരുന്നു ,ഹൈകോടതിയില്‍ വരേ വാദിക്കുന്ന വക്കിലല്ലേ അയാള്‍ .പക്ഷെ നിന്നോട് എനിക്ക് അവരോടൊന്നും തോന്നാത്ത ഒരിഷ്ടമുണ്ട് "

പിന്നേ അവള്‍ ഒഴിച്ചു തന്ന മദ്യം കഴിച്ച് വര്‍ഷങ്ങളായി നാഭിയില്‍ അവള്‍ക്കായി കരുതിവെച്ച ചൂട് പകര്‍ന്നു കൊടുത്ത് തളര്‍ന്നുറങ്ങി ,രാവിലെ എഴുന്നേറ്റപ്പോള്‍ അവളെ കാണാനില്ല ,ഒരു കത്ത് ബെഡ് റൂം ലാമ്പിന്‍റെ താഴെ ,

"ഞാന്‍ പോകുന്നു ,നല്ല ഒരു രാത്രി എനിക്ക് സമ്മാനിച്ചതിന്നു നന്ദി,ഇനി എപ്പോഴെങ്കിലും കാണാം ".....................................................എന്ന്‍ സ്വന്തം "ക്ലാര "

Tuesday, 5 March 2013

ഒരു മത മൈത്രീ ആഘോഷത്തിന്‍റെ ഓര്‍മ്മയില്‍

"ഹേ മന്‍സ്യാ ഒന്നെണീറ്റേ ഇന്നല്ലെ തിരുവോണം എന്നിട്ടു൦ ക്രിസ്തുമസ്സ് അപ്പൂപ്പൻമാരെയൊന്നും കാണണില്ലlല്ലോ "

പാത്തുമ്മായുടെ ആ വേവലാതി ബഷീറിക്കാക്ക് സഹിച്ചില്ല 

"കഴിഞ്ഞ ഓണത്തിന് ക്രിസ്തുമസ്സ് അപ്പൂപ്പന്‍ സ്കൂളില് ദേശീയ പതാക ഉയര്‍ത്തി പുല്ല് പറിച്ച് സേവനവാരമനുഷ്ഠിച്ച് പെരുന്നാളിന്‍റെ കോഴിബിരിയാണി തിന്നാന്‍ കൃഷ്ണേട്ടന്‍റെ വീട്ടിലേക്ക് പോയത്പോലെയെങ്ങാനും ഇക്കൊല്ലവും പോയോ ആവോ "

"ഗ്രേസി അമ്മാമയുടെ വീട്ടില് കഴിഞ്ഞ ചെറിയ പെരുന്നാളിന് ഉമ്മൂമ്മമാർ അതി രാവിലെ കുളിച്ചു കുറീം തൊട്ട് തിരുവാതിര കളിച്ചു പോലും , അതുപോലെ ഈ ഓണത്തിന് ഞമ്മളെ കുടീലും ഒരു ഒപ്പന ബേണം" 

"അന്‍റെ ഹലാക്കിലെ ഒപ്പന ,ഇജ്ജ് ആ ഷര്‍ട്ട് ഇങ്ങട്ട് എട്ത്തേ ഇന്ന്‍ ബെള്യാഴ്ചയാ ദിവസം കൊയ്ത്ത് പാട്ടും പാടി മാവേലി മന്നന്‍ വല്ല്യേപള്ളീല് മത പ്രസംഗം നടത്തണ ദിവസം "

"ഇന്‍റെ കര്‍ത്താവേ ഈ കൊല്ല൦ തിരുവോണവും വെള്യാഴച്ചയും ഒരുമിച്ചാണല്ലോ ഇക്കാ ,കൊറച്ച് പായസം കുടിച്ചിട്ട് പോകാം "

"അനക്ക് ഓര്‍മ്മണ്ടോ പാത്തോ, മ്മടെ ചെറുപ്പത്തില് വല്യ പെരുന്നാളിന് എട്ട് തട്ടുള്ള അത്തപ്പൂക്കളവുമൊരുക്കി സാന്താക്ലോസിനെയും  പ്രതീക്ഷിച്ചിരിക്കുന്ന ആ ബാല്യ കാലം അതെത്ര സുന്ദരം"

"ഹും ഓര്‍മ്മയുണ്ടോ എന്നോ ,അന്ന്‍ സാന്താക്ലോസ്സ് അപ്പൂപ്പന്‍ ഓലക്കുടയും ചൂടി നിസ്ക്കാര തഴമ്പില്‍ തടവി ആവി പറക്കുന്ന ബിരിയാണി ചെമ്പില്‍ നിന്നും ബിസ്മിയും ചൊല്ലി ഒരു പിടി ഉരുള ഉരുട്ടി തിന്നുംബോള് ഞമ്മള് കുട്ട്യോള്‍ടെ വായില്‍ കപ്പലോടിക്കാന്‍ വെള്ളം. ആ കപ്പലീനെല്ലേ ഇങ്ങള് ഞമ്മളെ പ്രേമിച്ചത് "

"ഇജ്ജ് പറ്യേണതൊക്കെ ശരിയാ പാത്തൂ ,അന്നൊക്കെ ആണ്ടിലൊരിക്കല്‍ മാവേലി മന്നന്‍ കൃസ്തുമസ്സിന് സമ്മാനമായി കൊണ്ടതരുന്ന പെരുന്നാള്‍ ഉടുപ്പുകളെ പുതിയതായി ഉണ്ടാവൂ ,പഞ്ഞകാലം.അന്നത്തെ ഇന്‍റെ ആ വള്ളി ട്രൌസര്‍ കോലം അനക്ക് ഓര്‍മ്മണ്ടോ ?"

"ഉം ഓണക്കോടിയുമുടുത്ത് ജാഢയോടെ വിഷുവിന് പെരുന്നാള് നിസ്കരിക്കാൻ പോണ ഇങ്ങളുടെ മുഖത്തെ അതിരുകളില്ലാത്ത അന്നത്തെ ആ സന്തോഷം , ഹോ അത് പറഞ്ഞറിയികാന്‍ വയ്യ ഇന്‍റിക്കാ "

"ബല്ല്യ പെരുന്നാളിന്‍റെ അന്ന്‍ ആരും കാണാത്ത മുറിയുടെ മൂലയില്‍ ഒളിച്ച് കളിച്ച് ഞമ്മള്‍ കാട്ടി കൂട്ടിയ കാര്യങ്ങള് , അക്കരക്കാവിലെ ഉത്സവത്തിന് മൊയ്തീന്‍മൊല്ലാക്ക ഉറഞ്ഞു തുള്ളിയപ്പോ മൂപ്പര്‍ടെ മുന്നില്‍ കുബസാരിച്ചതും,മീന്‍ വാങ്ങാന്‍ തന്ന പൈസേന്ന് ഇസ്കിയ രണ്ടുറ്പ്യ മൂപ്പര്‍ടെ കയ്യില് ദക്ഷിണയായി കൊടുത്തതും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു ,." 

"ഇന്നത്തെ പെരുന്നാളൊക്കെ എന്ത്, അന്നൊക്കെ കണിക്കൊന്ന പൂക്കുമ്പോള്‍ പെരുന്നാളിന്‍റെ വരവറിയിച്ച് പാണന്‍മാര്‍ നാടോട്ടാകെ കരോള്‍ ഗാനം പാടി നടക്കും ,പാണന്‍മാരുടെ ഡ്രംസിന്‍റെ താളം കേട്ട് മുത്തശ്ശിമാര്‍ മൈലാഞ്ചി അരക്കുന്ന പണി തുടങ്ങും , ഞങ്ങള് കുട്ടികളുടെ മൂക്കിലേക്ക് അപ്പോഴേക്കും പോത്തിറച്ചി വരട്ടിയ മണം അടിച്ചു കയറിയിട്ടുണ്ടാവും. അതൊക്കെ ഓര്‍ക്കുമ്പോ ഇന്‍റിക്കാ ആ ചെറുപ്പ കാലത്തേക്ക് തിരിച്ചു നടക്കാന്‍ തോന്നുന്നു ,"

"ഇജ്ജ് ഇബടെ ആലോജിച്ച് ഇരുന്നോ ഞമ്മള് പള്ളീപോയി വരാം "

"ബരുമ്പോ ഇനിക്ക് ഒരു പരിപ്പ് വട കൊണ്ടത്തരുമോ ഇതാ പൈസ"

"ങേ !! ഹനക്ക് എബിടുന്നാടീ ഇത്രേം പൈസ "

"അത് പിന്നെ കഴിഞ്ഞ ശിവരാത്രീടന്ന് ഉപ്പൂപ്പ തന്ന വിഷുക്കൈനീട്ടമാ "

ഹോ !!! ഒരു ദീര്‍ഘ നിശ്വാസത്തോടെ ബഷീര്‍ക്ക പള്ളീയിലേക്ക് നടന്നു പാത്തുമ്മ അടുക്കളയിലേക്കും 

Sunday, 24 February 2013

സ്ത്രീധനം നാടിന് ആപത്ത്


ബാംഗ്ലൂരിലേക്കുള്ള ഒരു  യാത്രയിലാണ് ആ ഉമ്മയെ കണ്ടത്,ബസ്സില്‍ ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു അവര്‍, വാര്‍ദ്ധക്യം ആ മുഖത്ത് ചുളിവുകള്‍ വീഴ്ത്തിയിരിക്കുന്നു, കാറ്റത്ത് നെരച്ച തലമുടികള്‍ പാറിക്കളിക്കുന്നു ,മുഷിഞ്ഞ കറുത്ത തട്ടം നേരെയാക്കാന്‍ ഉറക്കത്തിലും അവര്‍ ശ്രമിക്കുന്നുണ്ട്, ബസ്സ് ഒരു ഘട്ടറില്‍ കയറി ഇറങ്ങിയപ്പോ ഉണര്‍ന്ന അവര്‍ കയ്യിലുള്ള ബാഗില്‍ നിന്നും ഒരു ഓറഞ്ച് എടുത്ത് തിന്നാന്‍ തുടങ്ങി . അവരെ നോക്കി ഇരുന്ന്‍ ഞാനും പതുക്കെ ഉറക്കത്തിലേക്ക്,

ഉണര്‍ന്നപ്പോ ബസ്സ് ബാംഗ്ലൂരില്‍ എത്തിയിരിക്കുന്നു, ഒന്ന്‍ മൂരിനിവര്‍ന്ന് ബാഗും എടുത്ത് പുറത്തേക്കിറങ്ങി .നല്ല ചൂട് ,നേരത്തെ വിളിച്ച് പറഞ്ഞതിന്‍ പ്രകാരം സുഹൃത്തും ഭാര്യയും പിക്ക് ചെയ്യാന്‍ വന്നിട്ടുണ്ട് , അവരെ കണ്ട സന്തോഷത്തില്‍ കുശാലാന്വേഷണം  നടത്തുംബോള് ആ ഉമ്മ അരികിലേക്ക് വന്നു ,

"കുട്ട്യേ ഈ അഡ്രസ്സ് എവിടേന്ന് അറിയോ ?"

കയ്യില്‍ ചുരുട്ടി പിടിച്ച ആ തുണ്ട് കടലാസ്സ് സുഹൃത്ത് വാങ്ങി നോക്കി ,സുഹൃത്തിന് ആ സ്ഥലം അറിയാം ,
     
"നേരെ പോയാല്‍ ട്ടാക്സി കിട്ടും അവര്‍ക്ക് കാണിച്ചു കൊടുത്താമതി അവര്‍ കൊണ്ട് വിട്ടോളും "

"എനിക്കിബടെയൊന്നും അറിയൂല്ല ഒന്ന്‍ സകായിക്കാന്‍ പറ്റ്യോ ?"

"ഞങ്ങള്‍ക്ക് ധാരാളം ജോലിയുണ്ട് തള്ളേ  വേറെ ആരോടെങ്കിലും ചോദിക്ക് " സുഹൃത്ത് അവരെ പുച്ഛത്തോടെ ആട്ടിയോടിച്ച് എന്‍റെ ബാഗുമായി നടന്നകന്നു , കൂടെ ഞാനും യാന്ത്രികമായി ,,,,,,,,,,

പിന്നെ അവന്‍റെ പുതിയ വിദേശ നിര്‍മ്മിത കാറിലേക്ക് ഏസിയുടെ തണുപ്പും ചെറിയ സംഗീതവും, കാര്‍ റോഡില്‍ കുതിച്ചു നീങ്ങുകയാണ്. അവന്‍ വാ തോരാതെ സംസാരിക്കുന്നുണ്ട് ,ഓഹരി വിപണി ചാഞ്ചാട്ടം പെട്രോള്‍ വില , പുതിയ പബ്ബുകളുടെ ബിസിനസ്സ് സാധ്യത , പക്ഷേ ഞാന്‍ അപ്പോഴും ആ ഉമ്മയിലായിരുന്നു ,ആ മുഖത്തെ ദയനീയത മനസ്സീന്നു പോകുന്നില്ല ,കുറ്റബോധം വല്ലാണ്ട് വേട്ടയാടുന്നു .സഹായം നിരസിക്കുക എന്ന മഹാ പാതകം ചൈതിരിക്കുന്നു .ചില കൂട്ടികീഴിക്കലുകള്‍ക്ക് ശേഷം സുഹൃത്തിനോട് കാറ് തിരിച്ചു വിടാന്‍ കല്‍പ്പിച്ചു .

"ആ തള്ള പറഞ്ഞ സ്ഥലം മഹാ പിഴയാ മോനേ " സുഹൃത്തിന്‍റെ ഉപദേശം

"ഈശ്വരാ ഇനി എന്തെല്ലാം കാണണം"അവന്‍റെ കേട്ട്യോളുടെ രോദനം

ബസ്സ് സ്റ്റാന്‍റില്‍ വന്നപ്പോ കരഞ്ഞ കണ്ണുമായി ആ ഉമ്മ ,വാര്‍ദ്ധക്യമൊന്നും പ്രശ്നമാക്കാതെ കാമ കണ്ണുമായി പലരും സഹായം വാഗ്ദാനം ചൈത് രംഗത്തെത്തിയിട്ടുണ്ട് ,.കാറില്‍ നിന്നും ഇറങ്ങി നേരെ ആ ഉമ്മയുടെ അടുത്തെത്തി

"ഉമ്മ വരൂ ഉമ്മക്ക് പൊവേണ്ട സ്ഥലത്തേക്ക് ഞങ്ങള് കൊണ്ടുവിടാം "

കണ്ണ്‍ തുടച്ച് അവര്‍ ഞങ്ങളുടെ കൂടെ കാറിലേക്ക് ,സുഹൃത്തിന്‍റെ ഭാര്യക്ക് മുഷിഞ്ഞു നാറ്റം സഹിക്കാനാവുന്നില്ല ,അവള്‍ ഗ്ലാസ് താഴ്ത്തി വെച്ച് പുറത്തേക്ക് നോക്കിയിരുന്നു ,

"ഉമ്മയുടെ ആരാ ഇവിടെയുള്ളത് "

"ഇന്‍റെ മോളാ ,,,ഓളെ ഇബിടക്കാ കെട്ടിച്ചേക്ക്ണത് "

"അപ്പോ കൂടെ ആരും വന്നില്ലേ ?"

"അതിന് ഇനിക്ക് ആരുംല്ല്യാ ,ഉള്ള ഒരുത്തിനേയാ ഇങ്ങട്ട് കെട്ടിച്ചയച്ചത് " ഉമ്മ കരഞ്ഞ് മൂക്ക് പിഴിഞ്ഞു  ,സുഹൃത്തിന്‍റെ ഭാര്യ അറപ്പോടെ ചര്‍ര്ദിച്ചു ,

"മോള്‍ക്ക് ബിശേഷംണ്ടോ ?"ഉമ്മ സുഹൃത്തിന്‍റെ ഭാര്യയെ തലോടി ചോദിച്ചു ,

കലിപ്പോടെ എന്തോ പറയാന്‍ തുനിഞ്ഞ അവളെ സുഹൃത്ത് കാറിലെ കണ്ണാടിയിലൂടെ വിലക്കി ,

പിന്നെ ഒരു ദീര്‍ഘ നിശ്വാസത്തിന്‍റെ അകമ്പടിയോടെ ഉമ്മ മനസ്സ് തുറന്നു ,
ഒരു വര്‍ഷമായി മോളെ ഇങ്ങോട്ട് കെട്ടിച്ചയച്ചിട്ട് ,നാട്ടില്‍ നിന്നും പല തരത്തിലുള്ള ആലോചനകള്‍ വന്നിരുന്നു പക്ഷേ അവര്‍ ചോദിച്ച  സ്ത്രീധന തുക ഉണ്ടാക്കാന്‍ കഴിഞ്ഞില്ല ,ആയിടെ ആരോ കൊണ്ട് തന്ന ആലോചനയാ ഇത് ,പത്തു പവനും പതിനായിരം രൂപയും സ്ത്രീധനമായി കൊടുത്തു ,അത് തന്നെ ഉണ്ടാക്കാന്‍ വല്ലാണ്ട് പാടുപെട്ടു , ഇപ്പോള്‍ പണം ചോദിച്ച് അവളെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുണ്ട് പോലും ,പണവുമായി വന്നിരിക്കുകയാണ് ഈ പാവം ,
കയ്യിലുള്ള കവറിലെ മുഷിഞ്ഞ നോട്ടുകള്‍ അവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു ,

കാറ് ഉമ്മ പറഞ്ഞ സ്ഥലത്തെത്തി ,വല്ലാത്ത ഒരു തെരുവ് ,നെരച്ച കെട്ടിടങ്ങളും വൃത്തികെട്ട മണവും ,നായ്ക്കളും മനുഷ്യരും തുല്ല്യ സ്വതന്ത്രത്തോടെ അവിടെ വിഹരിക്കുന്നു ,പാട് പെട്ട് ആ വീട് കണ്ടുപിടിച്ചു ,എല്ലും തോലുമായ ഒരു സ്ത്രീരൂപം വാതില്‍ക്കല്‍ വന്നു നിന്നു ,

"ഇന്‍റെ മോളെ !!!!!!"

"ഉമ്മാ .........ഇങ്ങള് ഇന്നേ ഈ ........നരഗത്തില് .........

ഉമ്മയുടേയും മകളുടെയും സ്നേഹ പ്രകടനത്തിന് ഭംഗം വരുത്തി കൊണ്ട് ഒരു വൃദ്ധന്‍ അങ്ങോട്ട് കയറിവന്നു ,കാഴ്ചയില്‍ ഉമ്മയെക്കാള്‍ വയസ്സ് തോന്നിക്കും ,മൂപ്പരാണ് ഈ കുട്ടിയുടെ ഭര്‍ത്താവ് .ഞങ്ങളെ കൂടെ കണ്ടത് മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടില്ല ,

"ഏ ആത്മിലോകോം  കോന്‍ ഹേ " മൂപ്പര് ഹിന്ദിയിലാ .......

"ഹം ഉസ്ക്കാ ...........(കൂട്ടുക്കാരന്‍റെ വാക്കുകള്‍ മുഴുവനാക്കാന്‍ മൂപ്പര് സമ്മദിച്ചില്ല )

"മേം പഹലെ ബത്തായാക്കാ   പൈസാ തുമാരേ പാസ് ഹേ  ?"  (ഞാന്‍ മുന്പ് പറഞ്ഞ പൈസ നിന്‍റെ കയ്യിലുണ്ടോ ?)

"ഹാം ജീ " ഉമ്മയും ഹിന്ദിയില്‍ ,,,,,

പിന്നെ വിറയാര്‍ന്ന കൈകള്‍ കൊണ്ട് ആ പണം അയാള്‍ക്ക് നല്‍കി ,പണം കിട്ടിയ സന്തോഷത്തോടെ അയാള്‍ അവിടം വിട്ടിറങ്ങി ,

"ഉമ്മാ എന്തിന് ഈ നരഗത്തിലേക്ക് ഈ കുട്ടീനെ കെട്ടിച്ചു "

"എന്താ ചെയാ മോനേ പെങ്കുട്ട്യാല് പ്രായായാല്‍ കെട്ടിക്കണ്ടേ ,വല്ല്യ സ്ത്രീധനം ഞമ്മക്കൊന്നും കൂട്ട്യാ കൂടില്ല്യാ ,അപ്പോ ഇതൊക്കെ തന്നെ ബജ്ജ് "

"ഇതിലും നല്ലത് ഇങ്ങക്ക് ഇനിക്ക് ഇത്തിരി ബെഷം മാങ്ങി തരായിരുന്നു .ഇബടെ ഞാന്‍ മൂപ്പര്‍ടെ മാത്രം കേട്ട്യോളല്ല .മൂപ്പര് കൂട്ടി കൊണ്ടോര്‍ണ എല്ലാരേം കൂടിയാ  " പിന്നെ കരച്ചിലോടെ കരച്ചില്‍ ,

ഒരു വല്ലാത്ത കെണിയിലാണ് ഈ കുട്ടി പെട്ടത് എന്ന്‍ മനസ്സിലായി ,എന്‍റെ ഉള്ളിലെ ഞാന്‍ ഉണര്‍ന്നു .പിന്നെ അവരെ  അവിടന്ന്‍ രക്ഷിക്കാനുള്ള ത്വര ,

"കുട്ടി എടുക്കാനുള്ളതെല്ലാം എടുത്തോ ഇങ്ങളെ ഞാന്‍ നാട്ടില് കൊണ്ട് വിടാം "

"നീ വേണ്ടാത്ത കാര്യത്തില്‍ തലയിടേണ്ട  ഈ സ്ഥലം അത്ര പന്തിയല്ല " കൂട്ടുക്കാരന്‍ എതിര്‍ത്തു ,

അപ്പോഴേക്കും വടിയും മറ്റ് ആയുധങ്ങളുമായി കുറേ പേര്‍ ഞങ്ങളെ വളഞ്ഞു ,അവര് ഞങ്ങളെ ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റി ,.

"ജീവന്‍ വേണേമെങ്കില് ഇവിടന്ന് വിട്ടോ " കൂട്ടത്തിലുള്ള മലയാളി ശബ്ദം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു .

"ഞമ്മള് ഏതായാലും കുടുങ്ങി ഇങ്ങള് രക്ഷപെട്ടോളീ ഇങ്ങക്ക് ഞമ്മളെ രക്ഷപ്പെടുത്താനാകൂലാ ................. "

കാറിന്‍റെ ചില്ലുകള്‍ ഉയര്‍ത്തുന്നതിന്ന് മുന്പ് കേട്ട നിലവിളി അതായിരുന്നു .

രണ്ട് ദിവസം സുഹൃത്തിന്‍റെ വീട്ടിലെ അടച്ചിട്ട മുറിയില്‍ ഇരുന്ന്‍ ,ഒന്നും ചെയ്യാനാവാത്ത തന്‍റെ നിസ്സഹായാവസ്ഥ ഓര്‍ത്ത് വിലപിച്ചു ,

"പോലീസും ഭരണകൂടവും അവര്‍ക്ക് തുണയായുണ്ട് നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല ,ഒരു വന്‍ മാഫിയ സംഘം തന്നെ ഇതിന്നു പിറകിലുണ്ട് " പിറ്റേ ദിവസത്തെ സുഹൃത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ...

Tuesday, 19 February 2013

കുടിയന്‍റെ കുബസാരം

അരി വാങ്ങാന്‍ കൊടുത്ത കാശ്കൊണ്ട് കൂട്ടുക്കാരോടൊപ്പം കുടിച്ച് കൂത്താടി വെറും കയ്യോടെ വീട്ടിലെത്തിയപ്പോ വിശന്ന്‍ തളര്‍ന്നുറങ്ങിയ മോളുടെ മുഖം അവനെ വേട്ടയാടി.

വഴിയില്‍ വെച്ച് കള്ളന്മാര്‍ ആക്രമിച്ച് പണം അപഹരിച്ചു എന്ന്‍ ഭാര്യയോട് കളവ് പറഞ്ഞപ്പോ വിധിയെ പഴിച്ച അവളുടെ നിശ്വാസം അവന്‍റെ ഉള്ളില്‍ തേങ്ങലായി ,

അച്ഛന്‍ കള്ളുകുടിച്ച് വരുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്ന മോളുടെ കരച്ചില്‍ അവന്‍റെ മേല്‍ കടുത്ത ശിക്ഷയായി .

കള്ളും കുടിച്ച് കുടുംബത്തേ മറന്നോരു ജീവിതമില്ല എന്നരു തീരുമാനം ഇത്ര വൈകിയതെന്തേ എന്ന വേവലാതി മാത്രം ഇപ്പോ അവനില്‍ ബാക്കിയായി ,,,,,

Thursday, 14 February 2013

കേരളീയം


ഒരു പ്രത്യേക മത വിഭാഗത്തിന്‍റെ ആചാരങ്ങള്‍ എടുത്ത് അതാണ് കേരളീയ രീതി എന്ന്‍ പ്രചരിപ്പിക്കുന്ന ഒരു വന്‍ കോക്കസ് വര്‍ഷങ്ങളായി ഇവിടെ വിലസ്സി നടക്കുന്നു ,

അതില്‍ നിന്നാണ് വിളക്ക് കൊളുത്തല്‍ പ്രശ്നവും അമ്പല മാതൃകയുള്ള കെട്ടിടങ്ങളും വിനോദ സഞ്ചാരികളെ പൊട്ട് തൊട്ട് താലമേന്തി സ്വീകരിക്കലും എല്ലാം നടക്കുന്നത് .

കേരളത്തിന് മഹത്തായ ഒരു സംസ്കാരമുണ്ട് അത് ഹിന്ദുവിന്‍റെയോ മുസ്ലിമിന്‍റെയോ കൃസ്ത്യാനിയുടെയോ മാത്രം സംസ്കാരമല്ല ,മറിച്ച് എല്ലാറ്റിന്റെയും സമിശ്രമായ സംസ്കാരമാണ്. 

ഇപ്പൊഴും നിര്‍ബന്ദിതമായി പ്രായമായ പെണ്‍ കുട്ടികളെ മുട്ട് വരെയുള്ള ഡ്രസ് ധരിപ്പിക്കുന്ന എത്രയോ സ്കൂളുകളുണ്ട് ഈ കേരളത്തില്‍ ,പഠനത്തോടൊപ്പം മുന്‍വിധികളുള്ള ഒരു സംസ്ക്കാരവും അവിടെ അടിച്ചേല്‍പ്പിക്കുകയാണ് ലക്ഷ്യം ,

മതം എന്നത് മനുഷ്യനെ നേര്‍ വഴിക്കു നടത്താനുള്ളതാണ്,എല്ലാ മതങ്ങളേയും പുച്ഛിച്ചു തള്ളി ,മത പണ്ഡിതര്‍ മൊത്തം കള്ളത്തരമുള്ളവരാണെന്ന് പ്രചരിപ്പിച്ച് മതത്തില്‍ നിന്നും പുതിയ തലമുറയെ അടര്‍ത്തി എടുക്കുന്ന ഇത്തരം പ്രവണത ഈ സമൂഹത്തെ എവിടെ എത്തിക്കുന്നു എന്ന്‍ ചിന്തിച്ചിട്ടുണ്ടോ ??

ധാര്‍മികത ഇല്ലാത്ത ഇത്തരം സമൂഹമാണ് ,മദ്യത്തിലും മയക്കു മരുന്നിലും അഭയം പ്രാപിക്കുന്നത് ,മദ്യത്തിന്റെ ലഹരിയില്‍ അവന്‍ മറ്റ് പല തിന്മയിലേക്കും കാല്‍വെക്കുന്നു ,സ്ത്രീപീഡനവും കൊള്ളയും കൊലയും പീഡനങ്ങളും അവസ്സാനിപ്പിക്കണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ ,അത് ദൈവ വിശ്വാസമാണ് ,നന്മക്കും തിന്മ ക്കും അതിന്‍റേതായ അളവില്‍ മരണശേഷം പ്രതിഫലവും ശിക്ഷയും ഉണ്ടെന്ന വിശ്വാസം

PUBLIC TOILET

ധാരാളം വെള്ളം കുടിക്കല്‍ ഇന്ന്‍ മുതല്‍ ശീലമാക്കാന്‍ തീരുമാനിച്ചു ,വെളളം കൂടുതല്‍ കുടിക്കുന്നത് നല്ലതാണത്രേ ,ഒരു ബുദ്ധിമുട്ടേയുള്ളൂ ഇടക്കിടക്ക് മൂത്രമൊഴിക്കേണ്ടി വരും.

രാവിലെ മസ്കറ്റിലെ ഒരു പബ്ലിക്ക് ടോയ് ലറ്റില്‍ മൂത്രമൊഴിക്കാന്‍ പോയപ്പോ ചുവരില്‍ ആരോ മനോഹരമായ ഒരു സ്ത്രീ രൂപവും റോസാ പൂവും വരച്ചിരിക്കുന്നു ,അതിന്ന്‍ മുകളില്‍ വാലന്‍റൈസ്ഡേ ആശംസകള്‍ എന്നും ഇഷ്ടന്‍ എഴുതിയിട്ടുണ്ട് , ഫേസ്ബൂക്ക് അകൌണ്ട് ഇല്ലാത്ത ഒരു പാവത്തിന്‍റെ പോസ്റ്റായി തോന്നി എനിക്കത്.

വെള്ളം കൂടി കാരണം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോ വീണ്ടും മൂത്ര ശങ്ക.
ടോയ് ലറ്റില്‍ കയറിയപ്പോ ആദ്യം ശ്രദ്ധിച്ചത് ആ പോസ്റ്റ് ,പക്ഷേ അതിന്ന്‍ ചുവടെ ധാരാളം കമന്‍റുകളും ,

"നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ "

"ഞാനും പ്രണയിച്ചിരുന്നു എന്‍റെ അന്നമ്മ ടീച്ചറെ"

"ഇവിടെ ഓരോന്ന്‍ എഴുതി വൃത്തികേടാക്കരുത് "

"എല്ലേല്‍ ഒടുക്കത്തെ വൃത്തിയല്ലേ ഇവിടം "

"നല്ല വര നിനക്കു ഭാവിയുണ്ട് മോനേ "

"നിനക്ക് നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ബോര്‍ഡ് എഴുതാന്‍ പൊയ്ക്കൂടെ "
"ഇവിടെ രാഷ്ട്രീയം പറയാന്‍ പാടില്ല"

വേറെ ചില സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റിയ കമന്‍റുകളും,,,,,

നല്ല ചൂടുള്ള ചര്‍ച്ച പോക്കറ്റില്‍ പരത്തിയപ്പോ പേന കയ്യില്‍ തടഞ്ഞു ,ഒന്നും എഴുതാന്നില്ല പക്ഷേ പോസ്റ്റ് താഴെ പോകരുതല്ലോ .ഒരു ഡോട്ട് ഇട്ട് പോസ്റ്റ് ഉയര്‍ത്തിയ സന്തോഷത്തോടെ ഇറങ്ങി നടന്നു ,,,,,,,,,,,,,,,

Monday, 4 February 2013

മുല്ലപൂവിന്‍റെ മണമുള്ള ചിക്കന്‍ ഫ്രൈ


ഒരു ഞായറാഴ്ച ദിവസം സാബുവിന് ഒരാഗ്രഹം തന്‍റെ ഭാര്യയെ അടുക്കളയില്‍ ഒന്ന്‍ സഹായിക്കണം. ഒന്നും ഉണ്ടാക്കാന്‍ അറിയില്ലെങ്കിലും ദാബത്യ ജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്ല്യ സ്ഥാനമാണ് എന്ന്‍ പ്രൂവ് ചെയ്യുകയായിരുന്നു ഇഷ്ടന്‍റെ ലക്ഷ്യം ,

"സാലി നീ ഇന്ന്‍ ഭക്ഷണമൊന്നും ഉണ്ടാകേണ്ട "

"അതെന്താ ഇന്ന്‍ പട്ടിണി കിടക്കാന്‍ തീരുമാനിച്ചോ ?"സാലിചേച്ചിയുടെ കുറിക്കുള്ള മറുപടി ,

"അതല്ല ഇന്ന്‍ എല്ലാം ഞാന്‍ ഉണ്ടാക്കാം നീ ഇവിടെ വന്ന്‍ ടി‌വി കണ്ടോണ്ടിരിക്ക് "

"അപ്പോ എന്നേം മക്കളേം പട്ടിണിക്കിടാനുള്ള പരിപാടിയാണല്ലേ " 

ടി‌വിയുടെ റിമോട്ട് സാലിചേച്ചിയുടെ കയ്യില്‍ കൊടുത്തിട്ട് സാബുച്ചായന്‍ അടുക്കളയില്‍ സജീവമായി ,ആദ്യം വെണ്ടക്കയും ഉരുളന്‍ കിഴങ്ങും തക്കാളിയും മുളകും എല്ലാം കയ്യിലെടുത്ത് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നു , " ദൈവമേ എന്നെ രക്ഷിക്കണേ ",.

"ഇന്ന്‍ വെജിറ്റബിള്‍ കറി പോരേ "അടുക്കളയില്‍ നിന്നും ഒരു ചോദ്യം 

"എന്തായാലും കുഴപ്പമില്ല,വെളിച്ചണ്ണ കുറച്ച് എടുത്താമതി.ഒരു മാസം തട്ടി ഒപ്പിക്കാനുള്ളതാ ,"

"ഇപ്പോ ടെക്നിക്ക് പിടികിട്ടി അപ്പോ വെളിച്ചെണ്ണയിലാണ് ടേസ്റ്റ് കിടക്കുന്നത് അതാണ് അത് കുറച്ചെടുക്കാന്‍ പറഞ്ഞത്,കളി എന്നോടോ "സാബുച്ചായന്‍റെ ആതമഗതം 

അടുക്കളയില്‍ സാബുച്ചായന്‍റെ തട്ടും മുട്ടും കേള്‍ക്കുന്ന സമയത്ത് ടി‌വി യില്‍ "മാനസപുത്രി "തകര്‍ക്കുന്നു ,

"എന്‍റെ കല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുക്കാരാ " മൊബൈല്‍ ശബ്ദിച്ചു .

"ഇച്ചായാ ഫോണ്‍ മാവൂര്‍ക്കയാണ്,"

"ഞാന്‍ ബിസിയാ എന്താ കാര്യം എന്ന്‍ ചോദിക്ക് " 

"മാവൂര്‍ക്കയും ലൂസിയും വിരുന്നിന് വരുന്നു എന്ന്‍ "

"ങേ !!!!!,വിരുന്നോ ഇപ്പോഴോ: ,അയാള്‍ക്ക് കോഴി വേണ്ടി വരും. "

"ഫ്രിഡ്ജില്‍ ഉണ്ട് നമുക്ക് അത് ശരിപ്പെടുത്താം,"

"നീ ഇങ്ങോട്ട് വരേണ്ട ,എല്ലാം ഞാന്‍ നോക്കികൊള്ളാം" 

"ഇച്ചായാ വിരുന്നുക്കാര്‍ക്ക് നല്ല ഭക്ഷണം കൊടുക്കേണ്ടേ,ഇങ്ങള് മാറി നിക്ക് ഞാനുണ്ടാക്കാം "

"സാലി എനിക്കു ദേഷ്യം വരുന്നുണ്ട് .നിന്നോട് ടി‌വി കണ്ടിരിക്കാനാ പറഞ്ഞത്,ഇതിന്‍റെ ടെക്നോളജിയൊക്കെ എനിക്കറിയാം ,വെറുതെയല്ല ഞാന്‍ പത്താം ക്ലാസ് ജയിച്ചത് "

"അതെന്താ പത്താം ക്ലാസ് പരീക്ഷക്ക് പാചകമായിരുന്നോ വിഷയം "

"സാലി നീ എന്‍റെ കയ്യീന്ന് മേടിക്കും," 

"ഇല്ലാ ഞാനൊന്നും പറഞ്ഞില്ലേ നിങ്ങളായി നിങ്ങളെ പാടായി ,നാളെ ഫേസ്ബുക്കില്‍   ഭക്ഷണം മോശമായി എന്ന പോസ്റ്റ് വന്നാല്‍ എന്നെ കുറ്റം പറയരുത് "

"പറയുന്നില്ല പോരേ "

"അവര് വന്നൂന്ന് തോന്നുന്നു ഒന്നങ്ങോട്ട് ഇറങ്ങി ചെന്ന്‍ സ്വീകരിക്ക് ഇച്ചായാ "

"നീ സ്വീകരിച്ചാ മതി ഞാന്‍ അടുക്കളയിലാ എന്ന്‍ പറ"

,ചിക്കന്‍റെ മണം മാവൂര്‍ക്കയുടെ മനസ്സ് നിറച്ചു ,ലൂസിയുടെ വായില്‍ കപ്പലോടിക്കാന്‍ വെള്ളം 

"ലൂസി സാബു കരുതികൂട്ടി തന്നെയാ " 

"അതേ മാവൂര്‍ക്കാ നല്ല മണം ,"

വീട്ടിന്നകത്തേക്ക് കയറിയപ്പോഴേക്കും ഡൈനിങ് ടേബിള്‍ ഭക്ഷണം കൊണ്ട് നിറഞ്ഞു ,സാലിക്ക് കണവന്റെ സാമര്‍ത്യത്തില്‍ അഭിമാനം ,ലൂസിക്കും മാവൂര്‍ക്കയ്ക്കും തിന്നാനുള്ള ആക്രാന്തം ,

അപ്പോഴേക്കും മുറിയിലാകേ മുല്ലപ്പൂവിന്‍റെ പരിമളം പരന്നിരുന്നു .
പിന്നെ കുറച്ചു നേരം കുശലാന്വേഷണങ്ങള്‍ ,

"ഇനി വൈകിക്കേണ്ട നമുക്ക് തുടങ്ങാം,എന്‍റെ പ്രിപ്പറേഷനാ എല്ലാം ചൂടോടെ കഴിക്കണം " 

സാബുവിന്റെ ആ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തുനിന്ന മാവൂര്‍ക്കക്ക് ആശ്വാസം, 

ആദ്യം തന്നെ പൊരിച്ച ഒരു ചിക്കന്‍ പ്പീസ് കയ്യിലെടുത്ത മാവൂര്‍ക്കക്ക് എന്തോ ഒരു പന്തികേട്.അത് ലൂസിയുടെ ചെവിയില്‍ മന്ത്രിച്ചു ,

"ഒന്ന്‍ മണത്തു നോക്കിക്കേ ചിക്കന് എന്തോ കുഴപ്പമുണ്ട് "

ലൂസിയും ചിക്കനെടുത്ത് മണത്തു നോക്കി "ശരിയാ എന്താ സാബൂ ചിക്കന് ഒരു മുല്ലപ്പൂവിന്‍റെ മണം " ലൂസിയുടെ വാക്കുക്കള്‍ വെള്ളിടിപോലെ കൊണ്ടത് സാലിക്ക് ,

"മുല്ലപ്പൂവിന്‍റെ മണമോ" സാലിയും ഒരു പീസെടുത്ത് മണത്തു നോക്കി ,"ശരിയാണല്ലോ !!!!!"

"ഇച്ചായാ ഇങ്ങള് ഏത് എണ്ണയിലാ ഇത് പൊരിച്ചത് "

"ഷെല്‍ഫിലുണ്ടായിരുന്ന ശുദ്ധമായ ആ പാരച്യൂട്ട് വെളിചണ്ണയിലാ പൊരിച്ചത്"

"അയ്യോ !!! ഇച്ചായാ അത് മുല്ല പൂവിന്‍റെ മണമുള്ള ഹെയര്‍ ഓയിലാ. ദൈവമേ !!!!!!"

ലൂസി കൈ കഴുകി എണീറ്റു ,അപമാനം സഹിക്കവയ്യാതെ സാബു ബെഡ്റൂമില്‍ പോയി വാതിലടച്ച് കിടന്നു,സാലി അടുക്കളയിലേക്ക് ഓടി വായിക്ക് രുചിയായി എന്തേലും ഉണ്ടാക്കാന്‍ 

പിന്നെ എങ്ങും നിശബ്ദത ആരും ഒന്നും മിണ്ടുന്നില്ല , 

"കറും!!@# മൂറും@#$#കറും മൂറും #@@# "എന്ന ശബ്ദം കേട്ട് എല്ലാരും ഡൈനിങ് റൂമില്‍ വന്നപ്പോള്‍ മാവൂര്‍ക്ക മുല്ലപ്പൂവിന്‍റെ പരിമളം ആസ്വദിച്ച് പൊരിച്ച ചിക്കന്‍ കഴിക്കുകയായിരുന്നു ...............

Wednesday, 23 January 2013

ഹൃദയത്തിന്‍റെ ഭാഷ

ഹൃദയത്തിന്‍റെ ഭാഷയില്‍ അപേക്ഷിക്കുന്നു ,ഹൃദയത്തിന്‍റെ ഭാഷ പഠിക്കരുത് ,

ഹൃദയം പറയുന്നതെന്ത് എന്ന്‍ മറ്റുള്ളവര്‍ മനസ്സിലാക്കരുത് അവിടെയാണ് താല്‍കാലിക വിജയം.

പ്രിയേ എന്‍റെ ഹൃദയത്തിലേക്ക് നോക്കൂ എന്ന്‍ പറയുന്ന ഇന്നത്തെ കാമുകന്‍റെ മനസ്സില്‍ അവളെ കശക്കി എറിയാനുള്ള മന്ത്രം മാത്രം ,അത് അവള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വാര്‍ത്തകള്‍ ജനിക്കുന്നതെങ്ങനെ,

എന്‍റെ ഹൃദയത്തില്‍ നീയല്ലാതെ ആരുമില്ല എന്ന്‍ ഓരോ കാമുകന്‍റേയും ഇടനെഞ്ചില്‍ തലോടി പറയുന്നവളുടെ ഹൃദയത്തിന്‍റെ ഭാഷ പഠിച്ചാല്‍ ,ഇന്നിന്‍റെ കാമുക ഹൃദയങ്ങള്‍ മൌനിയാകില്ലേ 

ഒരു മാസം കൊണ്ട് വീടുപണി ശരിയാക്കിത്തരാം എന്ന്‍ പറയുമ്പോള്‍ ,"ശരിയാക്കിത്തരാം "എന്ന്‍ കനപ്പിച്ച് മനസ്സില്‍ പറയുന്ന മേല്‍നോട്ടക്കാരന്റെ ഹൃദയത്തിന്‍റെ ഭാഷ പഠിച്ചാല്‍,നിര്‍മ്മാണ മേഖല സ്തംഭിക്കില്ലെ ,

ഹൃദയത്തിന്‍റെ ഭാഷയില്‍ അപേക്ഷിക്കുന്നു ,ഹൃദയത്തിന്‍റെ ഭാഷ പഠിക്കരുത് ,

Sunday, 20 January 2013

ഒളിച്ചോട്ടം














ഇനിയും വേണ്ട ഇവിടൊരു ജീവിതം ,

കണ്ടു മടുത്തു കേട്ടുമടുത്തു .
കലാപച്ചൂടിന്‍ വെയിലും, ചോര നാറുന്ന മഴയും.
മക്കളെ വ്യഭിചരിക്കുന്ന പിതാക്കളെ കണ്ടു,
ലഹരിയിലലയുന്ന യൌവ്വനങ്ങളെ കണ്ടു. 
കറുത്ത കാശും, കൊള്ളപ്പലിശയും കണ്ടു,
മുടിയുന്ന കാടും, കൊഴുക്കുന്ന നഗരവും, 
മറയുന്നകൃഷിഭൂമിയും..കോണ്‍ഗ്രീറ്റ് കാടുകളും ......
ഇനി എന്തിനേറെ അറിയണം.....
എന്റെ മുഖമെവിടെയോ കളഞ്ഞു പോയി?....
ഇനി ഞാന്‍ യാത്രയാവട്ടെ
ഈ ദൈവത്തിന്‍റെ സ്വന്തമെന്ന നാട്ടില്‍ നിന്ന്‍ ,

Monday, 14 January 2013

ആദ്യത്തെ പെണ്ണുകാണല്‍ ,



മൂത്തുമ്മയുടെ വീട്ടിലെ സല്‍കാരത്തിന്റെ അന്നാണ് അത് സംഭവിച്ചത്,ടൌണില്‍  ഒരു ചെറിയ ബിസിനസ്സ് നടത്തി പോരുന്ന കാലം.സല്‍കാരത്തിന് വളരെ വൈകിയാണ് എത്തിയത്.കടയില്‍ നിന്നും ബൈക്കില്‍ വെയിലും കൊണ്ട് വരുന്ന ഞാന്‍ അപ്പോ ഒരു പെണ്ണുകാണാനുള്ള മൂഡിലായിരുന്നില്ല, എന്‍റെ വരവും കാത്തിരിക്കുന്ന മൂത്തുമ്മ  കണ്ട ഉടനെ അകത്തേക്ക് വരാന്‍ പറഞ്ഞു ,സല്‍ക്കാര പന്തലില്‍ ബിരിയാണി  വിളംബുന്ന സ്ഥലത്തേക്ക് പോവാന്‍ തുനിഞ്ഞ ഞാന്‍ വീട്ടിന്നകത്തേക്ക് ,അവിടെ അറിയുന്നവരും അറിയാത്തവരുമായി ഇഷ്ടംപോലെ പെണ്ണുങ്ങള്‍ ,എനിക്കോഴികെ ഏല്ലാവര്‍ക്കും അറിയാം ഞാന്‍ പെണ്ണൂക്കാണാന്‍ വന്നതാണ് എന്ന്‍ ,

ഒരു മുറിയുടെ വാതില്‍ക്കല്‍ നിര്‍ത്തിയിട്ട് മൂത്തുമ്മ പറഞ്ഞു "ഈ കുട്ടീനെ അനക്ക് പറ്റ്യോ എന്ന്‍ നോക്കിക്കേ "പിന്നെ വാതില്‍ തുറന്നതും ഉള്ളിലേക്ക് തള്ളി വിടലും വാതില്‍ അടക്കലും എല്ലാം കഴിഞ്ഞു ,

വെളിച്ചത്ത് നിന്ന്‍ വന്നിട്ടാണോ എന്നറിയില്ല ചുറ്റും പുക പോലെ ,കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കാഴ്ച തെളിഞ്ഞു വന്നു ,ഒരു കൊച്ചു സുന്ദരീ മുന്നില്‍ , ആദ്യം ശ്രദ്ധിച്ചത് അവളുടെ ചുവന്ന്‍ തുടുത്ത ചുണ്ടുകള്‍  ,കളര്‍ ലേശം കൂടുതലല്ലേ അതേ അവള്‍ ലിപ്സ്റ്റിക്ക് ഉപയോഗിച്ച് കൂട്ടിയതാണ് ,പിന്നെ മറ്റുള്ള ശരീര ഭാഗങ്ങള്‍ ഓരോന്നിലും ഓരോ തരത്തിലുള്ള പൊലിപ്പിക്കല്‍ ,ഡ്രസ്സ് കണ്ടാലറിയാം കുറഞ്ഞത് 5000/-രൂപയെങ്കിലും വരും,ആ നിന്ന നില്‍പ്പില്‍ മനസ്സില്‍ അവളുടെ മൊത്തത്തിലുള്ള ഒരു കണക്കെടുപ്പ് നടത്തി ,വെരി കോസ്റ്റ്ലി ,ഞമ്മക്ക് നടക്കൂല്ല ,

"എന്താ പേര് " ചിന്തയില്‍ നിന്നും ഉണര്‍ന്നു ,സാധാരണ ആണുങ്ങളല്ലേ ആദ്യം  ചോദിക്കേണ്ടത് ഇവളിതെന്ത് പെണ്ണ്‍ .എന്നാലും ചമ്മല്‍ മാറ്റാതെ പറഞ്ഞു

"സകീര്‍ , മുഴുവന്‍ പേര് സകീര്‍ ഹുസൈന്‍  "

"എന്‍റെ പേര് റോഷ്നി,ഞങ്ങള് ഫാമിലി മൊത്തം ദുബായിയില്‍ ആയിരുന്നു ,ഞാന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം...... "

പെണ്ണ്‍ വാചാലയാവുന്നു ഇന്‍റെ റബ്ബേ എന്നോട് എന്തിനീ കടുംകൈ എനിക്കിത് ശരിയാവില്ല

"ഇങ്ങളെ  രണ്ടു മൂന്ന് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട് "

"ങേ !!! എവിടെ വെച്ച് "

"ഇങ്ങടെ ഷോപ്പിന്‍റെ മുന്നിലൂടെ കാറില്‍  പോകുമ്പോള്‍ ഒരിക്കല്‍ ഉപ്പ കാണിച്ചു തന്നതാ പിന്നെ അതിലൂടെ പോകുമ്പോളൊക്കെ  നോക്കാറുണ്ട്"

"ഏ.......എന്നിട്ട് കാണാറുണ്ടോ " 

"ങാ....ഇന്നും കണ്ടിരുന്നു "

ഹോഹോ അപ്പോ ഇവര് കൊറേ കാലമായിട്ട് എന്നെ ചുറ്റി പറ്റി തന്നെയുണ്ട് അല്ലേ പടച്ചോനേ

"നിന്‍റെ ഉപ്പേടെ പേരെന്താ ?"

"അപ്പോ ഇന്നേ അറിയില്ലേ ഞാന്‍ മൊയ്തു ഹാജിയുടെ മോളാ "

"ഏത് ആ പള്ളീന്‍റെ അടുത്തുള്ള വലിയ വീട്ടിലെ മൊയ്തു ഹാജിയോ ?"

"അതേ "

അപ്പോ ഈ കൊച്ചിന് എന്തോ കൊഴപ്പമുണ്ട്,അല്ലാണ്ട് എനിക്ക് എന്തര്‍ഹത ,എന്തായാലും എനിക്ക് വേണ്ട ഇന്‍റെ കൊക്കിലൊതുങ്ങില്ല . ഭയങ്കര വായാടിയാ ,ഞാന്‍ കെട്ടിയാ പിന്നെ ഓള്‍ടെ മോന്തമ്മേന്ന് കയ്യെടുക്കാന്‍ നേരമുണ്ടാവില്ല ,പോരാത്തതിന് എന്‍റെ ശംബളം  ഓള്‍ക്ക് കോസ്മറ്റിക്ക് വാങ്ങാന്‍ തെകയൂല്ല.

"ആരാ ആ ജനലിലൂടെ നോക്കുന്നത് നീ ആ ജനാല ഒന്നടച്ചേ "

ജനലില്‍ ആരുമില്ല അടക്കാന്‍ പോകുമ്പോള്‍ കാലിന് വല്ല ഞൊണ്ടലും ഉണ്ടോ എന്ന പരീക്ഷണം ,അതും പെര്‍ഫെക്റ്റ് പിന്നെപ്പോ എന്താ ,അവളുടെ മൈനസ് എന്താണ് എന്നാറിയാനുള്ള ആകുലത ,

"എനിക്ക് ഇങ്ങളെ ഇഷ്ടാണ് ഇങ്ങക്കോ ? "

"ങേ!!!!!   ഞാന്‍ വീണ്ടും ഞെട്ടി ,ഇതും ആണിന്‍റെ അവകാശമാണ്,എന്‍റെ ഡയലോഗ് ഇവള്‍ പറഞ്ഞാല്‍ ഇവളുടെ ഡയലോഗ് ഞാന്‍ പറയേണ്ടി വരും ,ആ ചോദ്യത്തില്‍ ഞാന്‍ നാണിച്ചു ,പടച്ചോനേ ഞാന്‍ പെങ്കൊന്തനാവുകയാണോ?.അപ്പോഴേക്കും വാതിലില്‍ മുട്ടിവിളി,മൂത്തുമ്മയാണ്

"മതി മതി ഇനി കല്യാണം കഴിഞ്ഞിട്ട് മതി "

ഹാവൂ രക്ഷപെട്ടു ,പുറത്തേക്ക് വന്നപ്പോള്‍ എല്ലാ പെണ്ണുങ്ങളുടെയും നോട്ടം എന്‍റെ മുഖത്ത്,എല്ലാ മുഖത്തും സന്തോഷം  ,എല്ലാര്‍ക്കും അറിയാം തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടുള്ള വരവാണ് എന്ന്‍ ,പിന്നെ മൂത്തുമ്മായുടെ മക്കള്‍ എന്നെ വിളിച്ച് ടെറസ്സിന്‍റെ മുകളിലേക്കു കൊണ്ടുപോയി ,

"അനക്ക് കോളടിച്ചല്ലോ,മൊയ്തു ഹാജിയുടെ ഒരേ ഒരു മകള്‍ ഇട്ടു മൂടാന്‍ പണം ,ഓല്‍ക്ക് അന്നേ ഇഷ്ടപ്പെട്ട് ഇങ്ങോട്ട് വന്ന ആലോചനയാ,കുട്ടിക്കും അന്നേ നന്നായി ഇഷ്ടപ്പെട്ടെക്ക്ണ് ,അന്‍റെ ഭാഗ്യം "

"ന്നാ എനിക്ക് ഇഷ്ടപ്പെട്ടില്ല ഈ കല്യാണം നടക്കില്ല "  എടുത്തടിച്ചപ്പോലുള്ള ഈ ഡയലോഗ് അവരാരും പ്രതീക്ഷിച്ചതല്ല.മൂത്തമ്മയുടെ ഒരു മകള്‍ അപ്പോഴേക്കും താഴെ പോയി വിവരം പാട്ടാക്കി ,

"ഓന്ന് ഓളേ പറ്റീട്ടില്ലേലോ"

അവളോട് ഭാവി കാര്യങ്ങള്‍ സംസാരിച്ചിരുന്ന  ഉമ്മയും പെങ്ങന്‍മാരും മുകളിലേക്കു കയറി വന്നു ,

"അനക്ക് ഇത് എന്തിന്‍റെ കേടാ,നല്ലൊരു ബന്ദം ഒത്തു വന്നപ്പോ......"

"എനിക്ക് വേണ്ടാന്ന് പറഞ്ഞാ വേണ്ട,എന്‍റെ സങ്കല്‍പ്പത്തിലെ ഭാര്യയാവാന്‍ ഓള്‍ക്ക് കയ്യൂല്ല "

"ഒലക്ക ഓന്‍റെ ഒടുക്കത്തെ സങ്കല്‍പ്പം,"അത് മൂത്താപ്പയുടെ വകയായിരുന്നു ,പിന്നെ കുടുംബ ചരിത്രങ്ങളുടെ കെട്ട് എന്‍റെ മുന്നില്‍ അഴിഞ്ഞു വീണു ,ഞാന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു ,

"ഇജ്ജ് കാത്തിരുന്നോ അനക്ക് ഇനി ഐശ്വര്യാ റായി വരും " മൂത്താപ്പ ക്ഷമകെട്ട് പടി ഇറങ്ങി ,കൂടെ ഞാനും

കോണി പടികള്‍ ഇറങ്ങുംബോള് നേരത്തെ സന്തോഷം കൊണ്ട് നോക്കിയ കണ്ണുകളില്‍ മുഴുവനും ദഹിപ്പിക്കാന്‍ പോന്ന തീ ,,,,,,

പന്തലിലില്‍ ആവി പറക്കുന്ന കോഴി ബിരിയാണി ആവേശത്തോടെ തിന്നുംബോള് രണ്ട് കണ്ണുകള്‍ ജനലിലൂടെ ദയനീയമായി നോക്കുന്നത് കണ്ടു ,ആ മിഴികള്‍ നിറഞ്ഞിരുന്നു ,,,,,,,,,

ന്നാലും എനിക്ക് വേണ്ടാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Saturday, 12 January 2013

ബസ്സിലെ സ്വപ്നം

ലുഖ്മാന്‍ ഒരു മത പ്രഭാഷകനാണ്,തന്‍റെ വാക് ചാതുര്യം കൊണ്ട് ഏത് വലിയ സദസ്സിനെയും പിടിച്ചിരുത്താന്‍ ലുഖ്മാന് സാധിക്കും,പണ്ഡിതനായ ലുഖ്മാന്‍റെ പഴയ ജീവിതം കുത്തഴിഞ്ഞതായിരുന്നു ,നാട്ടിലെ സ്ത്രീകള്‍ക്ക് മാന്യമായി വഴിനടക്കാന്‍ കഴിയാത്ത ഒരവസ്ഥയുടെ പിന്നില്‍ ലുഖ്മാന്‍റെ കരങ്ങളായിരുന്നു ,പരാതി കേട്ട് സഹികെട്ട് ഉപ്പ കൊയാക്ക അവനെ ഉസ്മാന്‍ മൊല്ലാക്കയുടെ പള്ളി ദറസ്സില് കൊണ്ടാക്കിയതാണ് ,ഉസ്മാന്‍ മൊല്ലാക്കയുടെ ശിക്ഷണത്തില്‍ അവന്‍ പുതിയൊരു മനുഷ്യനായി ,ചൈതുപോയ പാപങ്ങള്‍ പൊറുത്തു തരുവാന്‍ എപ്പോഴും പടച്ചവനോട് കരഞ്ഞു പ്രാര്‍ത്ഥിക്കും ,

കോഴിക്കോട് ബസ്റ്റാന്‍റ് പരിസരം ,

തലേ ദിവസത്തെ പ്രഭാഷണം കഴിഞ്ഞ് ഉറക്ക ചടവോടെ നാട്ടിലേക്ക് പോവാന്‍ ബസ്സ് കാത്ത് നില്‍ക്കുകയാണ് ലുഖ്മാന്‍ ,അപ്പോഴുണ്ട് കുലുങ്ങി കുലുങ്ങി "മര്‍ഹബ "ബസ്സ് വരുന്നു ,കോഴിക്കോട് പ്രസംഗമുണ്ടാവുന്ന പലപ്പോഴും ഈ ബസ്സിലാണ് യാത്ര ,അത്കൊണ്ട് കണ്ടക്ടറേയും ചെക്കറേയും നന്നായി അറിയാം ,

ബസ്സില്‍ കയറിയപ്പോള്‍ സീറ്റ് മൊത്തം കാലി എന്നും തിക്കി തിരക്കി നിന്നാണ് പോവാറ് ഇന്നെങ്കിലും ഇരുന്ന്‍ പോവാല്ലോ ,നല്ല ഒരു സീറ്റ് പിടിച്ചു ,നല്ല ഉറക്ക ക്ഷീണമുണ്ട് അറിയാതെ മയങ്ങി ,

ഉറക്കത്തില്‍ ലുഖ്മാന്‍ ഒരു സ്വപ്നം കണ്ടു ,മരിച്ചു കിടക്കുന്ന താന്‍,ആളുകള്‍ തന്നെ പളളികാട്ടില്‍ കബറടക്കുന്നു ,പിന്നെപടച്ചവന്‍റെ സന്നിതിയിലേക്ക് ,ചൈത നല്ല കാര്യവും ചീത്ത കാര്യവും തൂക്കി നോക്കിയപ്പോള്‍ തിന്മ കൂടുതല്‍ ,നന്നായിട്ട് കാലം കുറച്ചല്ലേ ആയിട്ടുള്ളൂ അപ്പോഴേക്കും മരണം സംഭവിച്ചല്ലോ അതാണ് വിനയായത് ,പിന്നെ കയ്യും കാലും കൂട്ടി കെട്ടി നരഗത്തിലേക്ക് എടുത്തെറിയപ്പെട്ടു .

നരഗത്തിന്റെ ആഴങ്ങളിലേക്ക് പോകുമ്പോള്‍ എവിടെയോ തല വെച്ചടിച്ചു ഒന്ന്‍ കുലുങ്ങി , ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു പരിസര ബോധം വീണ്ടുകിട്ടി ,ബസ്സിലാണ് ചുറ്റും ആളുകള്‍ തിങ്ങി നില്‍ക്കുന്നു ,ബസ്സ് പിറകോട്ട് സഞ്ചരിക്കുന്നു ,
"പടച്ചോനേ ബസ്സ് എന്‍റെ സ്റ്റോപ്പും കഴിഞ്ഞോ " 

"ആളെറങ്ങാനുണ്ട് വണ്ടി നിര്‍ത്തടാ ഹംക്കെ ആളെറങ്ങാനുണ്ട് "

ലുഖ്മാന്‍ വളരെ പ്രയാസപ്പെട്ട് തിക്കി തിരക്കി ഡോറിനടുത്ത് എത്തി ,അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് ,ബസ്സ് കോഴിക്കോട് സ്റ്റാന്‍റില്‍ നിന്നും പുറപ്പെടുന്നേയുള്ളൂ ,ചുറ്റിലുമുള്ളവര്‍ ചിരിക്കുന്നു ,

"ഹല്ല മൌലവി ഇങ്ങള് ഒറങ്ങിപ്പോയോ ?" ചെക്കറുടെ ചോദ്യം 

തിരിച്ച് നടന്ന് സീറ്റിനടുത്ത് എത്തിയപ്പോ തന്‍റെ സീറ്റില്‍ മാന്യനായ ഒരു സ്വാമി ഞെളിഞ്ഞു ഇരിക്കുന്നു , 

"നാട്ടിലെ മതമൈത്രിക്ക് കോട്ടം തട്ടാത്തിരിക്കാന്‍ നില്‍ക്കുന്നതാണ് ബുദ്ധി"
ലുഖ്മാന്‍ ഉള്ളില്‍ സമാധാനിച്ചു .

Tuesday, 8 January 2013

കുഞ്ഞാപ്പുവിന്‍റെ ജീപ്പ്

എന്നത്തേയും പോലെ അയല്‍വാസി കുഞ്ഞാപ്പുക്കയുടെ സെല്‍ഫ്എടുക്കാത്ത ജീപ്പിന്‍റെ ചിരിക്കുന്ന ശബ്ദം കേട്ടാണ്ഉണര്‍ന്നത് ,മൂപ്പര്‍ മണിക്കൂറുകളോളം പരിശ്രമിച്ചു തോറ്റാല്‍ മൂപ്പര്‍ടെ മോന്‍ കുഞ്ഞുമോനെ എന്‍റെ വീട്ടിലേക്ക് വീടും അതും ആലോചിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടിയപ്പോ വെളിയില്‍ ആ പൊന്നുമോന്‍റെ ശബ്ദം ,

"ആ ജീപ്പൊന്ന് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ഉപ്പ ഇങ്ങളെ വിളിക്കുന്നുണ്ട് "

രാവിലത്തെ സുഖ നിദ്ര നശിപ്പിക്കുന്ന കുഞ്ഞാപ്പുവിന്‍റെ ജീപ്പിനെ പ്രാകി എണീറ്റ് പല്ലും മുഖവും കഴുകി ജീപ്പ് തള്ളികൊടുക്കാന്‍ പോയി ,

"കുഞ്ഞാപ്പുക്കാ ഇങ്ങക്ക് ഇത് വിറ്റ് പുതിയതോരെണ്ണം വാങ്ങിക്കൂടേ"
എന്ന എന്‍റെ ചോദ്യത്തിന് മൂപ്പര്‍ടെ മറുപടി ഇങ്ങനെ

"കുട്ട്യേ ഇത് സ്റ്റാര്ട്ടാകാന്‍ മാത്രേ പ്രയാസോള്ളൂ അത് കയിഞ്ഞാ ഇവന്‍ പുലിയാ " 

"ഹും പുലി ,എലിപോലും മാനനഷ്ടത്തിന് കേസുകൊടുക്കും അതിന്‍റെ പേര് ഇതിനോട് ഉപമിച്ചാല്‍ " എന്ന്‍ മനസ്സില്‍ കരുതി കുഞ്ഞാപ്പു പറഞ്ഞത് ശരിയെന്ന ഭാവേനെ തലയാട്ടി വീണ്ടും വണ്ടി തള്ളി .മൂപ്പര് വണ്ടിയില്‍ കയറി സുഖിച്ച് ആഞ്ഞു തളളാന്‍ കല്‍പ്പിക്കുമ്പോള്‍ കലിപ്പ് വരും ,അങ്ങനെ ഒരുവിധേന സ്റ്റാര്‍ട്ടായി ,മൂപ്പര് ഒരു നന്ദി പോലും പറയാതെ ചീറിപ്പാഞ്ഞു ,

രാവിലെ തന്നെ ക്ഷീണിച്ചു ഒരു പരുവമായി വീട്ടിലേക്ക് നടന്നു ,അപ്പോഴുണ്ട് ദാ വേറെ ഒരു കുരിശ് ,അപ്പുറത്തെ വീട്ടെലെ സാബുമോന്‍ . ഇനി എന്നും രാവിലെ ഒരുമിച്ച് ജോഗിങ് ചെയ്യണം എന്ന്‍ കച്ചകെട്ടിയാണ് ഇന്നലെ രാത്രി പിരിഞ്ഞത്,

"ഇന്ന്‍ ഞാനില്ല ഈ ജീപ്പ് തള്ളി ഞാനൊരു പരുവമായി നമുക്ക് നാളെ നോക്കാം "എന്നും പറഞ്ഞ് അവനെ പറഞ്ഞു വിട്ടു . 

പതിവ് പോലെ രാത്രി അങ്ങാടിയില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ കുറച്ചകലെ ഇരുട്ടില്‍ ഒരു ജീപ്പ് സെല്ഫെടുക്കാതെ നിന്ന്‍ ചിരിക്കുന്നു ,

"ഒന്ന്‍ തള്ളി തരോ " എന്ന്‍ ഇരുട്ടില്‍ നിന്നും ആരോ വിളിച്ചു ചോദിച്ചു ,എല്ലാരും കൂടി തള്ളി സ്റ്റര്‍ട്ടാക്കികൊടുത്തു ,പോകുന്നതിന്ന് മുന്‍പ് ഡ്രൈവര്‍ താങ്ക്സ് പറഞ്ഞു ,പിന്നെ നിശബ്ദത ,

പിറ്റേ ദിവസം രാവിലെ കുഞ്ഞാപ്പുവിന്‍റെ വീട്ടില്‍ നിന്നും ജീപ്പിന്‍റെ ചിരിക്ക് പകരം കുഞ്ഞാപ്പുവിന്‍റെ നിലവിളി ,

"ഇന്‍റേ ജീപ്പ് കള്ളന്മാര് കൊണ്ടോയേ "......................................

മമ്മൂട്ടിക്കയുടെ ഫറോക്ക് പാലം

മമ്മൂട്ടിക്ക നാട്ടില്‍ അറിയപ്പെടുന്ന ഒരു ചീട്ടു കളിക്കാരനാണ് ,നാട്ടിലെ ഒരേയൊരു ജന്‍മിയുടെ ഒരേയൊരു മകന്‍ ,ഒപ്പം ചീട്ടു കളിച്ച പല പാവപ്പെട്ടവരേയും മൂപ്പര്‍ പണക്കാരനാക്കിയിട്ടുണ്ട് ,ചീട്ടു കളി കഴിഞ്ഞാല്‍ മൂപ്പര്‍ടെ വിനോദം വെടി പറയല്‍ ,അത് കേള്‍ക്കാന്‍ വയസ്സന്‍മാരും കുട്ട്യോളും ചെറുപ്പക്കാരും മൂപ്പര്‍ടെ ചുറ്റിലും താടിക്ക് കയ്യും കൊടുത്ത് ഇരിക്കും 

ഇന്നും കണ്ടു മൂപ്പര്‍ടെ ചുറ്റും ആള്‍കൂട്ടം,ഇന്നിപ്പോ പ്രത്യേകിച്ച് ഒരു പണിയുമില്ല ,ഒന്ന്‍ കേട്ടുകളയാം മൂപ്പര്‍ടെ വിടല്‍ ..

മൊയ്തുക്കയുടെ പെട്ടികടയിലാണ് ഇന്നത്തെ ഇരിപ്പ് , കള്ളി തുണിയും ബനിയനും തലേകെട്ടുമായി മൂപ്പര്‍ വാ തുറന്നു ,

"ഞമ്മള് ഇന്നലെ ഫറോക്ക് പാലത്തിന്‍റെ ചോട്ടില് ഇരിന്ന് ചീട്ട് കളിച്ചോണ്ടിരിക്കുമ്പോ പൊഴേല് മീന് കൂറ്റം കുത്തി കളി ക്കണ്,ഒടനെ തന്നെ മ്മള് അപ്പോര്‍ത്തേ കുട്ട്യാപ്പൂന്റെ പീട്യേന്നു ഒരു ചൂണ്ടല് മാങ്ങി ,
ഒരു എരേനീം കോത്ത് പൊഴേക്ക് ഒരേറു കൊടുത്ത് ഈറ്പ്പന്‍റെ മറ്റേ അറ്റം ഫറോക്ക് പാലത്തിമ്മേല് തന്നെ കെട്ടിട്ട് ,
ഒരു ചായ കുടിച്ചാന് മ്മള് സൈതാലിന്‍റെ മക്കാനീക്ക് പോയി ,ഒരു സുലൈമാനീം കുടിച്ചോണ്ടിരിക്കുമ്പോ ,ഇന്‍റേ മമ്പോര്‍ത്ത തങ്ങളേ സൈതാക്കന്മാരെ ഫറോക്ക് പാലം ഇങ്ങനെ ആട്ണു ,ആട്ടംന്ന് ബെച്ചാ ഒടുക്കത്തെ ആട്ടം , കാര്യന്താ ഒരു പരുത്ത മീന് ഇന്‍റേ ചൂണ്ടേമേ കൊത്ത്യേക്ക്ന് ,ഞമ്മള് പിന്നെ അമാന്തിച്ചില്ല ,അരേ ല് കെടക്ക്ണ കത്തി ഇങ്ങട്ട് ഊരി ഒരു ഏറ് ,അത് കൃത്യം ഈര്‍പ്പമ്മേ തന്നെ കൊണ്ട് ചൂണ്ട പൊട്ടി ,ഞമ്മള് ആ പണി അപ്പോ ചൈത്തില്ലേങ്കി ഇന്ന്‍ ഫറോക്ക് പാലം ഇല്ല്യാ ,,,,,,,,"

വയറ് നിറഞ്ഞു ,എല്ലാരും മുഖത്തോട് മുഖം നോക്കി ഒരു ഇളിഞ്ഞ ചിരിയുമായി പല വഴിക്ക് പിരിഞ്ഞു ,,,,,,,

സുലൈമാന്‍റെ റാഡോ വാച്ച്

കുഞ്ഞീവി ഒരു വയറ്റാട്ടിയാണ് നാട്ടിലെ ഒട്ടുമിക്ക വീട്ടിലെയും കുഞ്ഞുങ്ങള്‍ പിറന്നു വീണത് ആ കൈകളിലേക്കാണ്.ഭര്‍ത്താവ് പൊട്ടന്‍ കാദറ് ഒരു പണിയുമില്ലാതെ നാട്ടില്‍ അലഞ്ഞു നടക്കും ,കുഞ്ഞീവിയാണ് കുടുംബം നോക്കുന്നത്,വയറ്റാട്ടി മാത്രമല്ല കുഞ്ഞീവി ഒരു അഭിസാരിക കൂടിയാണ്,


കുഞ്ഞീവിയുടെ അമ്മയും ഒരു വേശ്യയായിരുന്നു,അമ്മയുടെ മരണ ശേഷം ആരാരുമില്ലാത്ത കുഞ്ഞീവിയെ സ്ഥിര സന്ദര്‍ശകനായ നാട്ടിലെ പ്രമാണി കലന്തനാജി തന്‍റെ കാര്യസ്ഥന്‍ പൊട്ടന്‍ കാദറിനെ കൊണ്ട് കല്യാണം കഴിപ്പിക്കുകയായിരുന്നു ,കാദറ് വെറും കാവല്‍ക്കാരന്‍ മാത്രം,

കലന്തനാജിയുടെ മരണ ശേഷമാണ് കുഞ്ഞീവി വൈറ്റാട്ടി പണി തുടങ്ങിയത്,പ്രസവ ശുശ്രൂഷയ്ക്ക് വേണ്ടി കുഞ്ഞിപോക്കറിന്റെ വീട്ടില്‍ പോയ അന്നാണ് കലന്തനാജി അല്ലാത്ത ഒരാളുടെ കൂടെ കിടന്നത് ,അപ്പുറത്തെ മുറിയില്‍ തന്‍റെ ഭാര്യ പ്രസവിച്ച് കിടക്കുന്നുണ്ട് എന്ന ഒരു വിജാരവും ഇല്ലാതെ മൂപ്പര്‍ അവളെ കടന്നു പിടിക്കുകയായിരുന്നു, കാര്യം കഴിഞ്ഞപ്പോള്‍ പോക്കര്‍ കുറച്ചു പണം വെച്ചു നീട്ടി . പിന്നീടങ്ങോട്ട് അതും ഒരു തൊഴിലായി,പല പകല്‍മാന്യന്‍മാരും കുഞ്ഞീവിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകര്‍,കല്യാണ പ്രായമായ ചെറുപ്പക്കാര്‍ക്ക് പഠിക്കാനുള്ള ഉപകരണം, ഒട്ടുമിക്ക ചെറുപ്പക്കാരും തങ്ങളുടെ കന്യകാത്വം കുഞ്ഞീവിക്കു സമര്‍പ്പിച്ചു ,

************************************* 
സ്ഥലത്തെ മറ്റൊരു പ്രമാണി അഹമ്മദാജിയുടെ മകന്‍ സുലൈമാന്‍ ആയിടെയാണ് ഗള്‍ഫില്‍ നിന്നും വന്നത് ,അഹമ്മദാജി പള്ളി കമ്മറ്റി പ്രസിഡണ്ടാണ്,പോരാത്തതിന് പൂത്ത പണവും ,ജാതി മത ഭേതമന്യേ എല്ലാരും ബഹുമാനിക്കുന്ന വ്യക്തിത്വം. സുലൈമാന്‍ എന്നും ഒരു മഞ്ഞ ടീഷര്‍ട്ടും കൈലിമുണ്ടും റാഡോ വാച്ചും മൂക്കില്‍ തുളച്ച് കയറുന്ന അത്തറും പുരട്ടി അങ്ങാടീല്‍കൂടി വിലസ്സി നടക്കും ,അവന്‍ വണ്ടി കയറി പോയാലും ആ മണം കുറേ നേരം അവിടെ തന്നെ ചുറ്റി തിരിയും.തന്‍റെ കയ്യിലെ വാച്ചിന്‍റെ വിലയും ടീഷര്‍ട്ടിന്‍റെ കമ്പനിയുടെ മഹത്വവും കൂട്ടുക്കാരോടും നാട്ടുക്കാരോടും പലകുറി വിളബിയിരിക്കുന്നു,

ഒരു ദിവസം സുലൈമാനും കൂട്ടുക്കാരും അങ്ങാടിയില്‍ ഇരിക്കുമ്പോള്‍ കുഞ്ഞീവി അവര്‍ക്ക് മുന്നിലൂടെ നടന്നുപോയി,കുഞ്ഞീവിയുടെ മാസ്മരിക സൌന്ദര്യം സുലൈമാനെ മത്തു പിടിപ്പിച്ചു,തന്‍റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്, അവന്‍ മനസ്സില്‍ എന്തൊക്കെയോ ഉറപ്പിച്ചു .
കുഞ്ഞീവിയുടെ സൌന്ദര്യം വര്‍ണ്ണിക്കുന്ന കൂട്ടുക്കാരോട് "നിങ്ങള്‍ക്കൊന്നും ഉമ്മയും പെങ്ങന്‍മാരുമില്ലേ "എന്ന്‍ ചോദിച്ചു കയര്‍ത്തു .

അന്ന്‍ രാത്രി കുഞ്ഞീവിയുടെ വാതില്‍ക്കല്‍ അത്തറിന്‍റെ സുഖന്ദം, മുട്ടുന്നതിന്ന് മുന്‍പ് തന്നെ വാതില്‍ തുറക്കപ്പെട്ടു ,മതിവരുവോളം ആനന്ദിച്ചു ,ഗള്‍ഫില്‍ അറബിച്ചിയുമായി നടത്തിയത് ഇതിന്‍റെ ഏഴകലത്തുപോലും എത്തില്ല . ഒടുവില്‍ ക്ഷീണിച്ച് അവശനായി കിടക്കുന്ന സുലൈമാന്‍റെ ചെവിയില്‍ കുഞ്ഞീവിയുടെ വാതിലിലെ ശക്തമായ മുട്ടിവിളി,: പൊട്ടന്‍ കാദറാണ് കുഞ്ഞീവിയുടെ ഭര്‍ത്താവ്,"പടച്ചോനേ ഇന്‍റെ മാനം കപ്പല് കേറുമോ "എന്നും പറഞ്ഞ് അവന്‍ ചാടി എണീറ്റ് മുണ്ടും വാരി വലിച്ച് ഉടുത്ത് ഓടി ,ഓട്ടം അവസ്സാനിച്ചത് സ്വന്തം വീട്ടു പടിക്കല്‍,കിണറ്റില്‍ നിന്നും വെള്ളം കൊരി കുളിച്ച് വീട്ടില്‍ കയറി കതകടച്ച് ഉറങ്ങി ,

പിറ്റേ ദിവസം രാവിലെ അങ്ങാടിയില്‍ പോവാന്‍ ഡ്രസ്സ് മാറ്റുംബോഴാണ് ആ കാര്യം സുലൈമാന്‍ ശ്രദ്ധിച്ചത് ,തന്‍റെ മഞ്ഞ ടീഷര്‍ട്ടും റാഡോ വാച്ചും കുഞ്ഞീവിയുടെ വീട്ടിലാണ് ,പതിവുപോലെ അങ്ങാടിയിലേക്ക് പോയത് പച്ച ഷര്‍ട്ടും കള്ളിമുണ്ടുമായി ,സുലൈമാന്‍റെ മാറ്റം ആളുകള്‍ ശ്രദ്ധിച്ചു .പലരും ചോദിക്കുകയും ചൈതു 

"ഹല്ല അന്‍റെ റാഡോ വാച്ച് ഇജ്ജ് ബിറ്റോ "

ഏവരുടേയും ചോദ്യത്തിന് മറുപടി എന്നോണം പൊട്ടന്‍ കാദറ് മഞ്ഞ ടീഷര്‍ട്ടും റാഡോ വാച്ചും ധരിച്ച് അങ്ങാടിയില്‍ അവതരിച്ചു ,,,,,,,